കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ

കൂടത്തായി കേസിനെ സംബന്ധിച്ച സീരിയൽ അടുത്തിടെയാണ് സംപ്രേക്ഷണം ആരംഭിച്ചത്. സീരിയലിൽ കേസിലെ മുഖ്യ പ്രതിയായ ജോളിയെ അവതരിപ്പിക്കുന്നത് നടി മുക്തയാണ്. കേസിനെ സംബന്ധിച്ച സീരിയലിന്റെയും സിനിമയുടെയും ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജോളിയുടെയും റോയ് തോമസിന്റെയും മക്കൾ കോടതിയിൽ പരാതി നൽകിയിരുന്നു. എന്നാൽ കോടതി സ്റ്റേ അനുവദിച്ചില്ല. ഇപ്പോൾ സീരിയലിനെ സംബന്ധിച്ച ഒരു പുതിയ വിമർശനമാണ് വാർത്തയാകുന്നത്. കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ചാനൽ പരിപാടി കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുമെന്ന വിമർശനവുമായി രംഗത്തുവന്നത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആണ്. ആലപ്പുഴയിൽ മംഗളം സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത്.
ഒരു ടെലിവിഷൻ ചാനലിൽ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയൽ കാണാനിടയായി. അത് കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല എന്നും മന്ത്രി അഭിപ്രായപ്പെടുന്നു. ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീകണ്ഠന്‍ നായരാണ് സീരിയലിന്റെ തിരക്കഥ തയ്യാറാക്കിയത്. കേരളത്തെ ഇളക്കിമറിച്ച കൊലപാതക പരമ്പര സീരിയലിന്റെ രൂപത്തിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha