റിക്രൂട്ട്‌മെന്റ് ഏജന്‍സി തട്ടിപ്പ്: കൊച്ചിയിലെ ജോര്‍ജ് ഇന്റര്‍നാഷനലിന്റെ തട്ടിപ്പിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍

കൊച്ചി പനമ്പള്ളിനഗറില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ജോര്‍ജ് ഇന്റര്‍നാഷനലിലെ പ്രതികള്‍ നിലവില്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സുള്ളത് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിസി ജോര്‍ജിനാണ്. നേരത്തെ ഇവരുടെ ഭര്‍ത്താവ് ജോര്‍ജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയന്‍, കോട്ടയം സ്വദേശികളായ ജയ്‌സണ്‍, വിന്‍സെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വര്‍ഗീസ് എന്നിവര്‍ക്ക് നടത്തുന്നതിന് കരാര്‍ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താന്‍ ഏറ്റവര്‍ നിലവില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നാണ് പരാതി.
കൊച്ചിയിലെ റിക്രൂട്‌മെന്റ് ഏജന്‍സി ജോര്‍ജ് ഇന്റര്‍നാഷനലിന്റെ തട്ടിപ്പിനിരയായി വിദേശത്ത് എത്തിയ ചേര്‍ത്തല സ്വദേശിനി രാജി തന്റെ അനുഭവം വെളിപ്പെടുത്തി. ഏജന്‍സിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ അവിടത്തെ ആള്‍ കവറിലിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം രാജിയോട് പറഞ്ഞു, 'അവിടെ നഴ്‌സായിട്ടാണ് നിയമനം. ആരെങ്കിലും ചോദിച്ചാല്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി. തുണിയുടെ ഇടയ്‌ക്കെവിടെങ്കിലുമൊക്കെ വച്ചാല്‍ മതി, ഇച്ചിരി ചുളുക്കമൊക്കെ വരട്ടെ. പഴക്കം തോന്നാനാണ്' എന്ന്. 'ഞാനതിന് നഴ്‌സ് ജോലിക്കല്ലല്ലോ' വന്നത് എന്ന രാജിയുടെ വാദമൊന്നും വിലപ്പോയില്ല. അവിടെ 35 പേരെങ്കിലും ജോലി ചെയ്യുന്ന ഒരു കെയര്‍ ഹോമിലാണ് നിയമനം. എന്നാല്‍ തനിക്കെന്തായാലും ഈ ജോലി ചെയ്യാന്‍ പറ്റില്ലെന്ന നിര്‍ബന്ധത്തിന് ഏജന്‍സിക്കാര്‍ക്ക് ഒടുവില്‍ വഴങ്ങേണ്ടി വന്നു. എങ്കില്‍ വേണ്ട ഓഫിസ് ജോലി ചെയ്താല്‍ മതിയാകുമെന്നായി.
അങ്ങനെ രാജിയുടെ ജോലിയുടെ പേര് മാറി. ഓഫിസ് അഡ്മിനിസ്‌ട്രേറ്റര്‍. ചെയ്യുന്നത് തറ തുടയ്ക്കുന്നതു മുതല്‍ ഓഫിസ് ക്ലീനിങ്ങ്, കണക്കെഴുത്ത് തുടങ്ങി വേണ്ടി വന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ പണി വരെ. പക്ഷേ, ശമ്പളം ചെലവിനു പോലും തികയില്ല. ചെലവ് മൂന്നു ലക്ഷത്തില്‍ അധികം വരും.
'പത്രത്തില്‍ പരസ്യം കണ്ടാണ് വിദേശ ജോലിക്കായി അപേക്ഷിക്കുന്നത്. ഫോണില്‍ ഇംഗ്ലിഷിലാണ് ഒരു സ്ത്രീ സംസാരിച്ചത്. തനിക്ക് നന്നായി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയുമല്ലോ, കുവൈത്തില്‍ ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ജോലിക്ക് അപേക്ഷിക്കാമെന്ന് അവര്‍ തന്നെയാണ് നിര്‍ദേശം വച്ചത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ടിന്റെ കോപ്പി തുടങ്ങിയവയുമായി ഓഫിസില്‍ വരാന്‍ പറഞ്ഞു. അങ്ങനെയാണ് പനമ്പള്ളി നഗറിലുള്ള അവരുടെ ഓഫിസിലെത്തുന്നത്. നേരില്‍ കണ്ട് പിരിയുമ്പോള്‍തന്നെ പോകാന്‍ തയാറായിക്കോളാനായിരുന്നു നിര്‍ദേശം. ഒപ്പം ഒന്നര ലക്ഷം രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. 'അപ്പോള്‍ ഇന്റര്‍വ്യൂ?' എന്ന ചോദ്യത്തിന് ഇന്റര്‍വ്യൂ ഒന്നും വേണ്ട ജോലി റെഡി എന്നായിരുന്നു മറുപടി.
പണം അടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് നേരിട്ട് ഓഫിസിലേയ്ക്ക് വരുന്നത്. ഇനി വൈകിയാല്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് വീസ തയാറാക്കി തന്നത് എന്ന് ഇവര്‍ പറയുന്നു. അങ്ങനെ കുവൈത്തിലെത്തിയപ്പോഴാണ് അവിടെ നഴ്‌സായാണ് നിയോഗിച്ചിരിക്കുന്നത് എന്ന വിവരം അറിയുന്നത്. ഏജന്‍സിയുമായി ബന്ധപ്പെടാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമവിരുദ്ധമായി അവിടെ ജോലി ചെയ്യേണ്ടി വന്നതിന്റെ ഭീതി അലട്ടിയതോടെ എത്രയും പെട്ടെന്ന് നാട്ടില്‍ വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി രണ്ടു ലക്ഷം രൂപയോളം അവര്‍ തട്ടിയെടുത്തു. മറ്റ് ചെലവുകള്‍ വേറെയും. ഇതിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് തനിക്ക് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ ജോര്‍ജ് ഇന്റര്‍നാഷനല്‍ എന്ന ഏജന്‍സിയുടെ തട്ടിപ്പിനെതിരെ പരാതിക്കാരുടെ പ്രതിഷേധം അറിയുന്നത്.
എന്തായാലും തട്ടിപ്പിനെതിരെ പ്രതികരിക്കാനും പൊലീസില്‍ പരാതി നല്‍കാനും മറ്റുള്ളവര്‍ക്കൊപ്പം രാജിയും തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കാനെത്തിയ പലരെ കണ്ടപ്പോഴാണ് ഇതു ചെറിയ തട്ടിപ്പല്ലെന്ന കാര്യം ബോധ്യപ്പെടുന്നത്. ഇതോടെ പണം നഷ്ടപ്പെട്ടവരെ കണ്ടെത്തി സംഘടിച്ചാണ് പൊലീസില്‍ പരാതി നല്‍കുകയും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തതെന്ന് തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പരാതിക്കാര്‍ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയതോടെ ലൈസന്‍സ് ഉടമ സ്ഥാപനം നടത്തുന്നതിന് പൊലീസ് സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉദ്യോഗാര്‍ഥികള്‍ എത്തിയപ്പോള്‍ സ്ഥാപനത്തിലേയ്ക്ക് പ്രവേശിക്കാനാകാതെ പൊലീസ് ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാല്‍ ലൈസന്‍സ് ഉടമയും കേസിലെ പ്രതിയാണെന്നു കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം കോടതി വാദം കേള്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പരാതിക്കാരായ വിദ്യാര്‍ഥികളെ ഓഫിസിലേയ്ക്കു വിളിച്ചു വരുത്തിയത് തട്ടിപ്പു നടത്തിയവര്‍ തന്നെയാണെന്നാണ് മനസിലായതെന്ന് പൊലീസ് പറയുന്നു. ഇവിടെ വന്നാല്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സ്ഥലത്തെത്തിയപ്പോള്‍ ലൈസന്‍സ് ഉടമയോ നടത്തിപ്പുകാരോ സ്ഥലത്തില്ലെന്നും പൊലീസ് ഓഫിസില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞതായും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇത്രയേറെ പേര്‍ തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. സംഘടിച്ച് തട്ടിപ്പിനെതിരെ നില്‍ക്കുന്നതിനാണ് തീരുമാനം, കഴിഞ്ഞ ദിവസവും പത്ര പരസ്യം നല്‍കി സ്ഥാപനം ഉദ്യോഗാര്‍ഥികളെ വരുത്തി പണം സ്വീകരിച്ചതായും തെളിവുണ്ട്. ഇനി തട്ടിപ്പു തുടരാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
https://www.facebook.com/Malayalivartha