വീട്ടുകാരറിയാതെ രണ്ടര വയസ്സുകാരന് നൂറു മീറ്റര്‍ അകലെയുള്ള ബസ് സ്റ്റാന്‍ഡിലെത്തി!
ആയഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ ഒറ്റയ്ക്കുനിന്ന് കരഞ്ഞുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിച്ചു.
അമ്മ ഫസീല തുണി കഴുകുന്നതിനിടെ ഒരു നിമിഷം കണ്ണു തെറ്റിയപ്പോഴാണ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള വീട്ടില്‍ നിന്നും കുട്ടി മുന്നിലുള്ള ഇടവഴിയിലേക്ക് ഇറങ്ങിയത്. കണ്ണച്ചാങ്കണ്ടി ബഷീറിന്റെയും ഫസീലയുടേയും മകന് ഹസീബ് ആണ് ഇന്നലെ രാവിലെ സ്റ്റാന്‍ഡിലെത്തിയത്.
ഇടവഴിയില്‍ നിന്നും സമീപത്തെ പഞ്ചായത്ത് റോഡിലെത്തി. വാഹനത്തിരക്കില്ലാത്ത റോഡ് മുറിച്ചു കടന്ന് വീടിനു നൂറു മീറ്റര്‍ അകലെയുള്ള സ്റ്റാന്‍ഡിന് സമീപം എത്തുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പരിഭ്രമിച്ചു കരയാന്‍ തുടങ്ങിയ കുട്ടിയെ വ്യാപാരികളും യാത്രക്കാരും സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാക്കി. അപ്പോഴേക്കും വീട്ടുകാരും അന്വേഷണം തുടങ്ങിയിരുന്നു.
സിവില്‍ പൊലീസ് ഓഫിസര്‍ കെ.അനീഷും കെ.സതീശനും ചേര്‍ന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം രക്ഷിതാവിനെ ഏല്പിച്ചു.
https://www.facebook.com/Malayalivartha