ആത്മാവിനെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് കത്തിക്കല്‍; മോദിയുടെ പ്രഖ്യാപനത്തിനു പിന്തുണയുമായി മോഹൻലാൽ

കൊവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിൽ നിന്നും രക്ഷപെടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. എല്ലാവരും ഒറ്റക്കെട്ടായി മഹാമാരിയ്‌ക്കെതിരെ പോരാടണമെന്നും,അഞ്ചാം തീയതി രാത്രി ഒമ്ബത് മണിക്ക് വീടുകളില്‍ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും തെളിയിക്കണമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
'ഇന്ത്യന്‍ ജനത കൊവിഡിനെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ കാണാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഒമ്ബത് മിനിറ്റ് എല്ലാവരും ആത്മാവിനെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് കത്തിക്കല്‍ ക്യാമ്ബയിന്‍ നടക്കുകയാണ്. വീടുകളില്‍ എല്ലാവരും വിളക്കുകള്‍ തെളിയ്‌ക്കൂ. ആ പ്രകാശം പ്രതീക്ഷയുടെയും ഒരുമയുടെയും ദീപസ്തംഭമാകട്ടെ. ആ വെളിച്ചം നമ്മുടെ മനക്കരുത്തിന്റെ പ്രതീകമാകട്ടെ . ഇന്ത്യക്കാരുടെ ഈ ഒത്തുചേരലിന് എല്ലാവിധ ആശംസകളും. ലോകസമസ്ത സുഖിനോ ഭവന്തു'-മോഹന്‍ലാല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഇന്നലെ രംഗത്ത് എത്തിയിരുന്നു . ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ;
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു എന്ന്നും അദ്ദേഹം ഫേസ്ബുക് വിഡിയോയിൽ പറഞ്ഞു.
രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നേരത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha