ബേപ്പൂരില്‍ തൊഴില്‍ അനുപാതം സംബന്ധിച്ച തര്‍ക്കം, റേഷന്‍ അരി ഇറക്കുന്നത് തടസ്സപ്പെട്ടു
ബേപ്പൂര്‍ നടുവട്ടം ഗോഡൗണില്‍ സിവില്‍ സപ്ലൈസ് റേഷന്‍ അരി ഇറക്കുന്നത് തൊഴിലാളി തര്‍ക്കം മൂലം തടസ്സപ്പെട്ടു. വെസ്റ്റ്ഹില്ലില്‍ നിന്നെത്തിയ കയറ്റിറക്ക് തൊഴിലാളികളും നടുവട്ടം ഗോഡൗണ്‍ തൊഴിലാളികളും തമ്മില്‍ തൊഴില്‍ അനുപാതം സംബന്ധിച്ചു ഉണ്ടായ തര്‍ക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ രാവിലെ വെസ്റ്റ്ഹില്ലില്‍ നിന്നെത്തിച്ച അരി ഇറക്കുന്നതു ഏറെനേരം തടസ്സപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ മാര്‍ഗം വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണില്‍ എത്തിക്കുന്ന അരി നടുവട്ടം ഗോഡൗണില്‍ സൂക്ഷിച്ചാണ് റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ ആദ്യഘട്ടമായി 20 ലോഡാണ് ഇന്നലെ എത്തിച്ചത്. 8 ലോഡ് അരി ഇറക്കിയ ശേഷം വെസ്റ്റ്ഹില്‍ നിന്നുള്ള കയറ്റിറക്ക് തൊഴിലാളികള്‍ എത്തി തടയുകയായിരുന്നു. അരി ഇറക്കാന്‍ തങ്ങള്‍ക്കാണ് അനുമതിയെന്നായിരുന്നു വാദം. എന്നാല്‍ ഇതു സാധ്യമല്ലെന്ന നിലപാടിലായിരുന്നു നടുവട്ടത്തെ തൊഴിലാളികള്‍.
തര്‍ക്കം രൂക്ഷമായതോടെ സിവില്‍ സപ്ലൈസ് അധികൃതര്‍ പൊലീസില്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസ് എത്തി രംഗം ശാന്തമാക്കി. സപ്ലൈകോ ഡിപ്പോ മാനേജര്‍ ടി.എസ്.ശശീന്ദ്രബാബു, സിറ്റി റേഷനിങ് ഓഫിസര്‍ (നോര്‍ത്ത്) കെ.മുരളീധരന് എന്നിവര്‍ പൊലീസ് സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് കാലം കഴിയുന്നത് വരെ ഇരുകൂട്ടരും 50 ശതമാനം വീതം തൊഴില്‍ എടുക്കാമെന്ന ധാരണയില്‍ ഒത്തുതീര്‍പ്പാക്കി.
https://www.facebook.com/Malayalivartha