ബെംഗളുരു വീരന്മാരായി... പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ 4 വിക്കറ്റ് വിജയം നേടി ബെംഗളൂരു; ബെംഗളൂരു 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം കുറിച്ചു

ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ ബെംഗളൂരു ജയിച്ചുകയറി. നാല് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 148-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു മറികടന്നു. കോലിയും ഡുപ്ലെസിസും പവര്‍പ്ലേയില്‍ ആഞ്ഞടിച്ചെങ്കിലും പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി വീണതോടെ ബെംഗളൂരു ഒരു ഘട്ടത്തില്‍ തോല്‍വി വരെ മുന്നില്‍ കണ്ടു.
എന്നാല്‍ കരുതലോടെ ബാറ്റേന്തിയ ദിനേശ് കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 148-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് ബെംഗളൂരു തുടങ്ങിയത്. കോലിയും നായകന്‍ ഡുപ്ലെസിസും ഗുജറാത്ത് ബൗളര്‍മാരെ പലകുറി അതിര്‍ത്തികടത്തി. ഡുപ്ലെസിസായിരുന്നു കൂടുതല്‍ അപകടകാരി. 19-പന്തില്‍ ടീം സ്‌കോര്‍ 50-ലെത്തി. പിന്നാലെ ഡുപ്ലെസി അര്‍ധസെഞ്ചുറിയും തികച്ചു.
ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേ ഡുപ്ലെസിസിനെ പുറത്താക്കി ജോഷുവ ലിറ്റില്‍ കൂട്ടുകെട്ട് പൊളിച്ചു. 23-പന്തില്‍ നിന്ന് 64-റണ്‍സാണ് ബെംഗളൂരു നായകന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ നിരനിരയായി ബാറ്റര്‍മാര്‍ പുറത്താവുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണാനായത്. വില്‍ ജാക്സ്(1), രജത് പാട്ടിദാര്‍(2), ഗ്ലെന്‍ മാക്സ്വെല്‍(4), കാമറൂണ്‍ ഗ്രീന്‍(1) എന്നിവര്‍ നിരാശപ്പെടുത്തി. 111-5 എന്ന നിലയിലേക്ക് ബെംഗളൂരു വീണു.
വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച വിരാട് കോലിയാണ് ബെംഗളൂരുവിന് പ്രതീക്ഷ സമ്മാനിച്ചത്. എന്നാല്‍ കൂടുതല്‍ അപകടം വിതയ്ക്കും മുമ്പേ കോലിയെ പുറത്താക്കി നൂര്‍ അഹമ്മദ് ഗുജറാത്തിന് ജയപ്രതീക്ഷ നല്‍കി. 27-പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് കോലി മടങ്ങിയത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് സ്വപ്നില്‍ സിങ്ങുമൊത്ത് ടീമിനെ 13.4 ഓവറില്‍ വിജയതീരത്തെത്തിച്ചു. കാര്‍ത്തിക് 12-പന്തില്‍ നിന്ന് 21-റണ്‍സെടുത്തപ്പോള്‍ സ്വപ്നില്‍ സിങ് 9-പന്തില്‍ നിന്ന് 15-റണ്‍സെടുത്തു. ഗുജറാത്തിനായി ജോഷുവ ലിറ്റില്‍ നാല് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 147-റണ്‍സിന് പുറത്തായിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. ആദ്യ ആറോവറിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യം വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഏഴു പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത സാഹയെ സിറാജ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. നാലാം ഓവറില്‍ ഗില്ലിനേയും സിറാജ് മടക്കി. ഏഴു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് ഗുജറാത്ത് നായകന് നേടാനായത്. പിന്നാലെ ആറ് റണ്‍സ് മാത്രമെടുത്ത സായ് സുദര്‍ശനെ ഗ്രീനും പുറത്താക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലായിരുന്നു ടീം. ഈ ഐപിഎല്ലില്‍ പവര്‍പ്ലേയിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.
എന്നാല്‍ ക്രീസിലൊന്നിച്ച ഡേവിഡ് മില്ലറും ഷാരൂഖ് ഖാനും ടീമിനായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബെംഗളൂരു ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ഇരുവരും ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഗുജറാത്ത് സ്‌കോര്‍ അമ്പത് കടന്നു. എന്നാല്‍ ടീം സ്‌കോര്‍ 80-ല്‍ നില്‍ക്കേ ഡേവിഡ് മില്ലറെ പുറത്താക്കി കാണ്‍ ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. 20-പന്തില്‍ നിന്ന് 30-റണ്‍സാണ് മില്ലറെടുത്തത്.
പിന്നാലെ അടിച്ചുകളിച്ച ഷാരൂഖ് ഖാന്‍ റണ്ണൗട്ടായത് ഗുജറാത്തിന് തിരിച്ചടിയായി. 24-പന്തില്‍ നിന്ന് 37-റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രാഹുല്‍ തെവാട്ടിയയും(35) റാഷിദ് ഖാനും(18) അടിച്ചുകളിച്ചതോടെ ഗുജറാത്ത് സ്‌കോര്‍ 130-കടന്നു. പിന്നാലെ ക്രീസിലിറങ്ങിയവരെല്ലാം വേഗം കൂടാരം കയറി. വിജയ് ശങ്കര്‍(10), മാനവ് സുഥര്‍(1), മോഹിത് ശര്‍മ(0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. അതോടെ 19.3 ഓവറില്‍ 147-റണ്‍സിന് ഗുജറാത്ത് ഔള്‍ഔട്ടായി. ബെംഗളൂരുവിനായി സിറാജ്, യാഷ് ദയാല്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
"
https://www.facebook.com/Malayalivartha