'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. നടന്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. ഈ മാസം 22വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന , വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്.
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2022ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരന്‍ പറയുന്നു. സിനിമയുടെ നിര്‍മാണത്തിന് പണം മുടക്കാന്‍ പറവ ഫിലിംസാണ് സമീപിച്ചത്.2022 നവംബര്‍ 30ന് കരാറില്‍ ഒപ്പുവച്ചു. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്‌സ് നല്‍കിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതകളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha