വിചാരണക്ക് ഹാജരാകാത്ത ഡിവൈഎസ്പിക്ക് സി ബി ഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കസ്റ്റഡി മരണക്കേസിൽ വിചാരണക്ക് ഹാജരാകാത്ത ഒന്നാം പ്രതിയായ കേരള പോലീസ് സേനയിലെ ഡിവൈഎസ്പിക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഡിവൈഎസ്പി വൈ. ആർ.റസ്റ്റത്തിനെ ജൂൺ 29 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ സി ബി ഐ എസ്.പിയോടാണ് സി ബി ഐ കോടതി ജഡ്ജി സനിൽകുമാർ ഉത്തരവിട്ടത്.
ലോക്കപ്പ് മരണ കേസിലെ ഒന്നാം പ്രതിയായ മുൻ എസ് ഐയും നിലവിൽ ഡിവൈഎസ്പിയുമായ വൈ.ആർ. റസ്റ്റത്തിനോട് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്യാനായി മാർച്ച് 5 ന് കോടതിയിൽ ഹാജരാകാൻ സി ബി ഐ കോടതി അന്ത്യശാസനം നൽകിയിരുന്നു. വിചാരണക്ക് മുന്നോടിയായി 2017 ജൂലൈ 21 ന് കുറ്റം ചുമത്തിയ ശേഷം 2020 ജനുവരി 3 വരെ വിചാരണ ആരംഭിക്കാനായി 14 തവണ കോടതി കേസ് പരിഗണിച്ചിട്ടും പ്രതിയായ ഡിവൈഎസ്പി ഹാജരാകാത്തതിനാലാണ് കോടതി അന്ത്യശാസനം നൽകിയത്. വിചാരണ വൈകിപ്പിച്ച് നീട്ടിക്കൊണ്ട് പോകാനാണ് പ്രതിയുടെ തന്ത്രമെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ ധാർഷ്ട്യത്തെയും അലംഭാവത്തെയും നിരുത്തരവാദിത്വത്തെയും രൂക്ഷമായി വിമർശിച്ചു.
കസ്റ്റഡി മരണക്കേസിൽ മലപ്പുറം ജില്ലയിൽ തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന വൈ.ആർ. റസ്റ്റം , മുൻ ഹെഡ് കോൺസ്റ്റബിൾ കെ.സി. നാരായണൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. രണ്ടാം പ്രതിവിചാരണക്കിടെ മരണപ്പെട്ടു. ഒരു മാല മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാതെ അന്യായ തടങ്കലിൽ ലോക്കപ്പിൽ വയ്ക്കുകയും ചികിത്സ ലഭ്യമാക്കാതെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കസ്റ്റഡി മരണത്തെളിവ് നശിപ്പിക്കാനായി പോലീസുദ്യോഗസ്ഥരായ ഒന്നും രണ്ടും പ്രതികൾ വ്യാജ എഫ് ഐ ആർ , വ്യാജ തീയതികൾ രേഖപ്പെടുത്തിയ അറസ്റ്റ് മെമ്മോ , അറസ്റ്റ് കാർഡ് , അറസ്റ്റ് അറിയിപ്പ് , റിമാന്റ് റിപ്പോർട്ട് തുടങ്ങിയ രേഖകൾ വ്യാജമായി നിർമ്മിച്ച് ആയവ അസ്സൽ രേഖകൾ പോലെ ഉപയോഗിച്ച് നീതിന്യായ കോടതിയിൽ വ്യാജ തെളിവ് ഹാജരാക്കിയെന്നാണ് കോടതി കുറ്റപത്രം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് കേസ് റെക്കോർഡുകൾ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് പ്രതിക്ക് മേൽ കുറ്റം ചുമത്തിയത്.
2017 ജൂലൈ 21 നാണ് കോടതി പ്രതിക്ക് മേൽ കുറ്റം ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 120 - ബി ( കുറ്റകരമായ ഗൂഢാലോചന ) , 166 ( ഏതെങ്കിലും ആൾക്ക് ക്ഷതി ഉളവാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി പൊതു സേവകൻ നിയമം അനുസരിക്കാതിരിക്കൽ ) , 465 ( വ്യാജ നിർമ്മാണം ) , 471 ( വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങളാണ് വിചാരണക്കായി പ്രതിക്ക് മേൽ കോടതി ചുമത്തിയത്.
സാക്ഷി വിസ്താരത്തിനായി കേസ് വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്യാനായി 2017 ആഗസ്റ്റ് 2 , സെപ്റ്റംബർ 28 , 2018 ഫെബ്രുവരി 3 , ആഗസ്റ്റ് 14 , ഒക്ടോബർ 16 , ഡിസംബർ 26 , 2019 മാർച്ച് 13 , മെയ് 2 , ജൂൺ 19 , ആഗസ്റ്റ് 27 , നവംബർ 5 , 2020 ജനുവരി 3 , മാർച്ച് 5 , മെയ് 6 എന്നീ തീയതികളിൽ കേസ് പരിഗണിച്ചെങ്കിലും ഡിവൈഎസ്പി കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
https://www.facebook.com/Malayalivartha