മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞതിനേച്ചൊല്ലി സുഹൃത്തുകൾ തമ്മിൽ തർക്കിച്ചു; തർക്കത്തിന് പിന്നാലെ പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചു; വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സുഹൃത്തിനെ കവുങ്ങിന് തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പരപ്പയില്‍ മദ്യപിച്ചു കൊണ്ടിരിക്കെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. പരപ്പ സ്വദേശി രവിയെ കൊലപ്പെടുത്തിയ കേസില്‍ കാരാട്ട് സ്വദേശി കുഞ്ഞിക്കണ്ണനാണ് പിടിയിലായത്. ഇരുവരും അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച കുഞ്ഞിക്കണ്ണന്റെ വീട്ടുവരാന്തയില്‍ ഇരുന്നാണ് ഇരുവരും മദ്യപിച്ചത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രവി കത്തികൊണ്ട് കുഞ്ഞിക്കണ്ണനെ കുത്തി. നിസാര പരുക്കേറ്റ കുഞ്ഞിക്കണ്ണന് രവിയുടെ നെഞ്ചില്‍ ആഞ്ഞുകുത്തി. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ രവിയെ പിറ്റേദിവസം വീടിന് 300 മീറ്റര്‍ അകലെയായി കവുങ്ങിന് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിക്കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച കുഞ്ഞിക്കണ്ണനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനുശേഷം കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha