വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പിൽ പ്രതിയായ മരങ്ങാട്ടുപള്ളി സ്വദേശിയ്ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും; വിധിച്ചത് കോട്ടയം പോക്‌സോ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടപ്ലാമറ്റം സ്വദേശിയ്ക്കു ജീവപര്യന്തം കഠിന തടവ്. കടപ്ലാമറ്റം സ്വദേശിയായ ബിജു ആന്റണിയെ(49)യാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിന തടവും അരലക്ഷംരൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും ഇരയായ പെൺകുട്ടിയുടെ പ്രായത്തിലുള്ള മകളുള്ള ആളുമാണ് പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഭാര്യയെ ഉപേക്ഷിക്കുകയാണ് എന്നും, പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലും, പെൺകുട്ടിയുടെ വീട്ടിലും വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
തുടർന്നു ഇന്ത്യൻ ശിക്ഷാ നിയമം 363, 366, 376(2) (ജെ), 376 (2) (എൻ), പോക്‌സോ ആക്ടിലെ അഞ്ച് എൽ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, തട്ടിക്കൊണ്ടു പോയി, ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെയും , 19 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha