അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ അറസ്റ്റിലായ 8 പേരെ ഡല്‍ഹിയിലെത്തിച്ചു

എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍നിന്ന് അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ 8 പേരെ ഡല്‍ഹിയിലെത്തിച്ചു. എറണാകുളം മജിസ്‌ട്രേട്ട് കോടതി അനുവദിച്ച ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മുര്‍ഷിദ് ഹസന്‍, മുസറഫ് ഹുസൈന്‍ എന്നിവരെ ഇന്നലെ രാത്രി എത്തിച്ചെങ്കിലും മൂന്നാമന്‍ യാക്കൂബ് ബിശ്വാസിനുള്ള വിമാന ടിക്കറ്റ് ലഭിച്ചില്ല. ഇയാളെ ഇന്നു രാവിലെയെത്തിക്കും.
അല്‍ഖായിദയുടെ പാക്കിസ്ഥാന്‍ ഘടകത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഡല്‍ഹിയടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കും. ഇന്ന് ഉച്ചകഴിഞ്ഞ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്ന ഇവരെ എന്‍ഐഎ 14 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ അല്‍ഖായിദ നേതൃത്വവുമായി ഓണ്‍ലൈന്‍ വഴി ഇവര്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സഹിതം ഇന്നലെ രാത്രി വൈകി ഡല്‍ഹിയിലെത്തിച്ച ഇവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സംഘത്തിന്റെ നീക്കങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നുവെന്നും ഭീകരബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
സംഘത്തിലെ ഒരാള്‍ പിടിക്കപ്പെട്ടാല്‍ പോലും രഹസ്യങ്ങള്‍ ചോരാതിരിക്കാനായി ഒരേ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാതെ അവരുടെ ലീഡര്‍ വഴി മാത്രം ആശയവിനിമയം നടത്തുന്നതു ഭീകരസംഘടനകളുടെ രീതിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല എന്നാണ് വിവരം.
ഒരോ അംഗത്തിനും മറയായി മറ്റൊരാളെക്കൂടി നിയോഗിക്കും. എറണാകുളത്ത് പിടിക്കപ്പെട്ട 3 പേരില്‍ മുര്‍ഷിദ് ലീഡറാണെന്നാണു നിഗമനം. യാക്കൂബും മുസറഫും പരസ്പരം മറകളായി പ്രവര്‍ത്തിക്കുന്നവരാണോയെന്നു അന്വേഷിക്കുന്നു. അതല്ലെങ്കില്‍ മറകളായി പ്രവര്‍ത്തിക്കുന്ന 2 പേര്‍ കൂടി കേരളത്തിലുണ്ടാകുമെന്നാണു സൂചന.
https://www.facebook.com/Malayalivartha


























