മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍

അടിമാലി ബസ് സ്റ്റാന്‍ഡിലെ മലഞ്ചരക്ക് കടയുടെ താഴ് അറുത്ത് അകത്ത് കടന്ന് 115 കിലോ കുരുമുളക്, 15 കിലോ ജാതിപത്രി, നാലര കിലോ ഏലക്കായ് എന്നിവ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. മോഷണ മുതല്‍ മുരിക്കാശേരിയിലെ ഒരു കടയില്‍ വിറ്റു. സംശയം തോന്നിയ ഈ കട ഉടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടിവി പരിശോധനയില്‍ പ്രതിയെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാള്‍ കുടുങ്ങിയത്.
മങ്കുവ ഒഴുകയില്‍ ഷെയിസ് ജോയിയാ(39)ണ് പിടിയിലായത്. മോഷണശേഷം പ്രതി ഒഴുവത്തടത്തെ ഭാര്യ വീട്ടില്‍ എത്തിയതറിഞ്ഞ പോലീസ് ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ഇവിടെ നിന്നു പിടികൂടിയത്. ഇയാള്‍ക്കെതിരെ കട്ടപ്പന, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍ സ്റ്റേഷനുകളില്‍ മോഷണക്കേസ് നിലവിലുണ്ട്. കൂട്ടുപ്രതി തങ്കമണി സ്വദേശി സാബുവിനെതിരേ അന്വേഷണം ഊര്‍ജിതമാക്കി.
വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. മച്ചിപ്ലാവ് പാലമറ്റത്ത് പുത്തന്‍പുര ഗിരീഷ് കുമാറിന്റേതാണ് കട. ടൗണിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ പോലീസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു.
അടിമാലി സി.ഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജൂഡി, സി.എസ്. ഷൈജു, അജിത് കുമാര്‍, സി.പി.ഒ. സോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രിയില്‍ മോഷണ മുതല്‍ കൊണ്ടു പോകുന്നതിനിടെ ഒരു ചാക്ക് കുരുമുളക് അടിമാലി ടൗണില്‍ നഷ്ടപ്പെട്ടിരുന്നു. നൈറ്റ് പെട്രോളിങ് കഴിഞ്ഞുവന്ന എക്സൈസ് സംഘം കുരുമുളക് ചാക്ക് കാണുകയും അടിമാലി പോലീസിന് കൈ മാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























