വണ്ടറടിച്ചുപോയി... ഉറങ്ങിയെഴിച്ചപ്പോള്‍ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ ക്ഷേത്രം ജീവനക്കാരന്‍ അനന്തുവിന്റെ കൂടെ ദൈവം പോയതില്‍ പലര്‍ക്കും അത്ഭുതം; താന്‍ വിളിക്കുന്ന ദൈവം താനറിയാതെ തന്റെ കൂടെപ്പോരുമെന്ന് ഒരിക്കലും കരുതിയില്ല; ദാരിദ്ര്യ ദു:ഖത്തില്‍ നിന്നും ദൈവം കരകയറ്റിയ അനന്തുവിന്റെ ഭാവി പരിപാടികള്‍

നാട്ടുകാര്‍ക്കും വീട്ടുകാരും എന്തിന് മലയാളികളാകെ താടിയില്‍ കൈയ്യും കൊടുത്ത് ഒറ്റ നില്‍പ്പാ. എട്ടും പൊട്ടും തിരിയാത്ത 24 വയസുകാരനെ ഒറ്റ രാത്രി കൊണ്ട് ദൈവം കോടിപതിയാക്കിയിരിക്കുകയാണ്. അനന്തു വിളിക്കുന്ന ദൈവത്തിനെ തിരക്കിയുള്ള അന്വേഷണം തുടരുകയാണ്. 12 കോടി ഓണം ബംബര്‍ അടിച്ചതിന്റെ സന്തോഷം അനന്തു മറച്ച് വയ്ക്കുന്നില്ല. ഇതറിഞ്ഞപ്പോള്‍ വണ്ടറടിച്ചുപോയെന്നാണ് അനന്തു പറയുന്നത്.
തീയതി എന്നാണെന്ന് ഓര്‍ക്കുന്നില്ല, രണ്ടാഴ്ച മുമ്പാണ് ബമ്പര്‍ ലോട്ടറി എടുത്തത്. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നറുക്കെടുപ്പിന് തലേദിവസം വരെയും എനിക്കാകും ഒന്നാം സമ്മാനമെന്ന് സുഹൃത്തുക്കളോട് തമാശയ്ക്ക് പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൊബൈലില്‍ ലോട്ടറി ടിക്കറ്റ് പരിശോധിച്ചത്. എന്നാല്‍, ഒന്നാം സമ്മാനം നോക്കിയതേ ഇല്ല. അവസാനമാണ് ഒന്നാം സമ്മാനത്തില്‍ കണ്ണ് പോയത്. കണ്ടപ്പോ വണ്ടറടിച്ച് പോയി. ലോട്ടറി അടിച്ച കാര്യം കസിനെയാണ് അനന്തു ആദ്യം വിളിച്ചറിയിച്ചത്. പിന്നെ വീട്ടിലേക്കും. പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യത്തില്‍ വീട്ടുകാരും സന്തോഷം പറയേണ്ടല്ലോ. വീട്ടുകാരെ കഷ്ടപ്പാടില്‍ നിന്നും കരയറ്റാനാണ് അനന്തുവിന്റെ മോഹം.
കൊച്ചി കടവന്ത്രയിലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. ലോട്ടറി അടിച്ചത് തനിക്കാണെന്ന് അറിഞ്ഞതോടെ സ്വയം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ആദ്യം. ഫലം വന്നപ്പോള്‍ ലോട്ടറി നറുക്കെടുപ്പ് ദിവസം രാവിലെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്ന് കൂട്ടുകാരോട് തമാശയ്ക്ക് പറഞ്ഞതാണ് അനന്തു ആദ്യം ഓര്‍ത്തെടുത്തത്. വെറുതെ പറഞ്ഞത് സത്യമായിതീര്‍ന്ന ഞെട്ടലിലായിരുന്നു അപ്പോഴും ഈ ഇരുപത്തിനാലുകാരന്‍. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്ന് ഏജന്റ് അളകസ്വാമി എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലം തനിക്കില്ലെന്ന് വ്യക്തമാക്കിയ അനന്തു പക്ഷേ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കുന്ന ശീലമുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. 12 കോടിയുടെ സമ്മാനതുകയില്‍ നികുതിയും കമ്മിഷനും കുറച്ച് ഏഴരക്കോടി രൂപ അനന്തുവിന് ലഭിക്കും.
ഇടുക്കി സ്വദേശിയായ അനന്തുവിന്റെ പിതാവ് പെയിന്റിംഗ് ജോലിയുടെ കരാറുകാരനാണ്. എം കോം ബിരുദധാരിയായ ചേച്ചിക്ക് വിവാഹാലോചനകള്‍ വരുന്ന സമയത്താണ് ഭാഗ്യം അനന്തുവിന്റെ കുടുംബത്തെ തേടിയെത്തിയത്. ബി കോം ബിരുദത്തിന് ശേഷമാണ് അനന്തു ക്ഷേത്രത്തില്‍ ജോലിക്ക് കയറിയത്, ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ് ഈ യുവാവ്. അനുജന്‍ ബി ബി എ ബിരുദധാരിയാണ്.
ഈ കുന്നിന്‍ മുകളില്‍ ഒന്ന് ഇറങ്ങി 10 സെന്റ് സ്ഥലം വാങ്ങണം. വെള്ളവും വഴിയുമുള്ള ഒരു വീടാണ് സ്വപ്‌നം... എന്നാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച അനന്തുവിന്റെ അച്ഛന്റേയും അമ്മയുടേയും വാക്കുകള്‍.
ഇടുക്കി വലിയ തോവാള കാറ്റാടികവല സ്വദേശിയാണ് 24കാരനായ അനന്തു. കടവന്ത്രയിലെ ക്ഷേത്ര ജീവനക്കാരനായ അനന്തുവിന്റെ വീട് ഒരു കുന്നിന്‍മുകളിലാണ്.
ആദ്യം ടെന്‍ഷനായിരുന്നു. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല ഇത്തരമൊരു ഭാഗ്യം വരുമെന്ന്. ദൈവം കടാക്ഷിച്ചു. ഇനി ഒരു പത്ത് സെന്റ് സ്ഥലം വാങ്ങിക്കണം. ഇപ്പോള്‍ താമസിക്കുന്നിടത്തേക്ക് വഴിയുമില്ല. വെള്ളവുമില്ല. വേനല്‍കാലത്ത് പണം കൊടുത്താണ് വെള്ളം വാങ്ങിച്ചിരുന്നത്. മകളുടെ വിവാഹം. ഇതൊക്കെയാണ് ആഗ്രഹം എന്നാണ് അനന്തുവിന്റെ അച്ഛന്‍ വിജയന്‍പ്രതികരിച്ചത്.
ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയാണ് അമ്മ സുമ. സുമയ്ക്കും അനന്തുവിന്റെ സഹോദരി ആതിരയ്ക്കും വെള്ളവും വഴിയുമുള്ള ഒരുവീട് വേണമെന്ന് തന്നെയാണ് പ്രധാന സ്വപ്നം. അനന്തു പി.ജിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നു. പണം ഇല്ലാത്തിനാലാണ് പോകാതിരുന്നത്. ഇളയ മകന്‍ അരവിന്ദിനേയും നന്നായി പഠിപ്പിക്കണം. മറ്റു വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും സുമ പറഞ്ഞു.
എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ആതിരയ്ക്ക് കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ചെറിയ രീതിയില്‍ ജൈവ പച്ചക്കറി കൃഷി ചെയ്ത് വരികയാണ് ആതിര. കട്ടപ്പനയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനന്തുവിന്റെ സഹോദരന്‍ അരവിന്ദ് ഇന്നും ജോലിക്ക് പോയിട്ടുണ്ട്. ബിബിഎ വിദ്യാര്‍ഥിയായ അരവിന്ദ് പാര്‍ട്ട് ടൈമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്. എന്തായാലും എല്ലാവരുടേയും കഷ്ടപ്പാടുകള്‍ അനന്തുവിലൂടെ തീര്‍ന്നതില്‍ വലിയ സന്തോഷത്തിലാണ്.
" f
https://www.facebook.com/Malayalivartha


























