കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ; സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം എല്ലാവര്‍ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ എന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. എന്‍.ഐ.എ.യുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. 'രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെകുറിച്ച് എന്നോട് പ്രതികരണം ആരായുകയാണോ? അതേ കുറിച്ച് അഭിപ്രായം പറയുന്നത് എന്റെ പദവിക്ക് അനുയോജ്യമല്ല.' അദ്ദേഹം പറഞ്ഞു. നമ്മളില്‍ ഓരോരുത്തര്‍ക്കും ഓരോ ജോലിയുണ്ട്. നാം നമ്മുടെ ജോലി ചെയ്യുക. മറ്റുളളവരുടെ ജോലിയില്‍ ഇടപെടാന്‍ നാം പോകരുത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. അവരെ നാം വിശ്വസിക്കണം. എന്‍.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. നിങ്ങള്‍ എത്ര വലിയവനായാലും നിയമത്തിന് കീഴ്‌പ്പെട്ടവനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാല്‍ ക്ഷമയോടെ എന്‍.ഐ.എ.യുടെ അന്വേഷണത്തിന്റെ പരിണാമത്തിനായി കാത്തിരിക്കണം. ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























