സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലില്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടുന്നതു പരിഗണനയിൽ! യുഎഇ കട്ട കലിപ്പിൽ...ഇനി കേരളത്തിലല്ല ചെന്നൈയിലേക്ക് ?

നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥം കൊണ്ടുവന്ന പെട്ടികള്‍ വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോള്‍ ഓരോന്നും തമ്മില്‍ 21 കിലോഗ്രാം വരെ തൂക്കവ്യത്യാസം കണ്ടെത്തിയിരുന്നെന്നു കസ്റ്റംസ്. നിലവില്‍ ഈ പെട്ടികള്‍ക്കെല്ലാം ഒരേ ഭാരമാണ്. കൊണ്ടുവന്ന പെട്ടികളില്‍നിന്നു മറ്റെന്തെങ്കിലും എടുത്തുമാറ്റിയിരുന്നോ എന്നതു സംബന്ധിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തും. അതേസമയം സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ വിവാദങ്ങളില്‍ യു.എ.ഇയ്ക്ക് കടുത്ത അതൃപ്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലില്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടുന്നതു പരിഗണനയിലാണ്. ചെെന്നെയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്‌റ്റേഷന്‍ അവിടേക്കു മാറ്റാനുള്ള നീക്കം സജീവം. ആരോപണവിധേയരായ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണം.
തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതര്‍ എന്ത്യന്‍ എംബസിയെ അറിയിച്ചു. നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീര്‍ത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവര്‍ അറിയിച്ചതായാണു സൂചന.
കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷമുണ്ട്. എന്‍.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തല്‍. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ. വ്യക്തമാക്കിയെങ്കിലും ഫൈസല്‍ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യംചെയ്യാനോ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍തല അനുമതിയില്ലാതെ കഴിയില്ലെന്നാണു മറുപടി.
പ്രളയദുരിതാശ്വാസ സഹായമായി സന്നദ്ധ സംഘടന വഴി 20 കോടി രൂപ നല്‍കിയതും അപകീര്‍ത്തിയിലാണ് എത്തുന്നത്. അതില്‍ നാലരക്കോടി രൂപ കോണ്‍സല്‍ ജനറലിനു കോഴ നല്‍കിയെന്ന ആരോപണവും യു.എ.ഇയെ ചൊടിപ്പിച്ചിട്ടുണ്ട്. കോവിഡ്മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ജൂലൈ അവസാനവാരം പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോര്‍ക്ക അധികൃതര്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്.
എന്നാൽ സ്വര്‍ണ്ണക്കടത്ത് കേസിലെ മുന്ന് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്‌സല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമുന്ന്, പതിനാല് പ്രതികളാണിവര്‍.
ഉപാധികളോടെയാണ് മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22ന് ഹാജരാക്കാന്‍ എന്‍.ഐ.എ കോടതി ഉത്തരവിട്ടു. എന്‍.ഐ.എ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍.ഐ.എ കേസില്‍ പ്രതിയായതിനാല്‍ റമീസിന് പുറത്തിറങ്ങാനാകില്ല.
https://www.facebook.com/Malayalivartha


























