കോതമംഗലlത്ത് മൂടിയില്ലാത്ത പഴയ മാലിന്യക്കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് കാട്ടിലേക്കയച്ചു

വടാട്ടുപാറ ചക്കിമേടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന പിച്ചാപ്പിള്ളില്‍ തോമസ് എന്നയാളിന്റെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ മൂടിയില്ലാത്ത പഴയ മാലിന്യക്കുഴിയില്‍ വീണു. സമീപവാസികള്‍ രാവിലെ വനപാലകരെ അറിയിച്ചു. ആളുകള്‍ എത്തിത്തുടങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടം ഉള്‍ക്കാട്ടിലേക്കു പോയി. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയാന വീണത്.
8 മാസം പ്രായമുള്ള പിടിയാനയാണ്. മണ്ണുമാന്തി യന്ത്രം കൊണ്ട് 8 അടി ഉയരമുള്ള കുഴി ഒന്നര മണിക്കൂര്‍ ശ്രമിച്ച് ഇടിച്ചുനിരത്തിയാണു വനപാലകരും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചത്. ഇടതു പിന്‍കാലിനു പരുക്കേറ്റതിനാല്‍ നടക്കാന്‍ പ്രയാസമുണ്ടായിരുന്നു.
കാട്ടില്‍ കയറിയ കുട്ടിയാനയെ ആനക്കൂട്ടം എത്തി കൊണ്ടുപോയിട്ടില്ല. വനപാലകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്നും കൊണ്ടുപോയില്ലെങ്കില്‍ ശുശ്രൂഷ നല്‍കി പരിപാലിക്കാനാണു തീരുമാനം.
പ്രദേശത്തെ വൈദ്യുതവേലി തകരാറായതിനാലാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ഇറങ്ങിയത്. ഇവിടെ പതിവായി ആനശല്യമുണ്ട്.
തുണ്ടത്തില്‍ റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫി, ഭൂതത്താന്‍കെട്ട് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജെ.ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
https://www.facebook.com/Malayalivartha


























