പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ യുവാവിനെ പൊലീസ് തന്നെ രക്ഷിച്ചു!

മലപ്പുറം എടപ്പാള്‍ അംശക്കച്ചേരിയില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റില്‍ വീണു. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍മൂലം യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി.
നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐ ശിവന്‍, സിപിഒ മധു എന്നിവര്‍, പുലര്‍ച്ചെ ഒരുമണിയോടെ രണ്ടു യുവാക്കള്‍ വഴിയരികില്‍ നില്‍ക്കുന്നത് കണ്ടു. പൊലീസ് വാഹനം കണ്ടതോടെ ഇരുവരും സമീപത്തെ കെട്ടിടത്തിന് അടുത്തേക്കു നീങ്ങിയതോടെ വാഹനം നിര്‍ത്തി ഇവരെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഒരു യുവാവ് സമീപത്തെ പറമ്പിലേക്ക് ഓടിമറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അസ്വാഭാവികത തോന്നാതിരുന്നതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ഓടിപ്പോയ യുവാവ് എവിടെയാണെന്ന് പൊലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ കിണറ്റില്‍നിന്ന് നിലവിളി കേട്ടത്.
യുവാവ് ആഴമേറിയ കിണറ്റില്‍ വീണതായി കണ്ടെത്തി. ഉടന്‍ പൊന്നാനിയിലെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്വത്തില്‍ യുവാവിനെ പുറത്തെടുക്കുകയും ചെയ്തു. വീഴ്ചയില്‍ നിസ്സാര പരുക്കേറ്റ യുവാവിനെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.
https://www.facebook.com/Malayalivartha


























