അഞ്ച് മാസം മുന്‍പ് അടിമാലിയില്‍നിന്നു ദേവികുളത്തേക്കു മാറ്റിയ സബ് ആര്‍ടി ഓഫിസ് പ്രവര്‍ത്തനം നിലച്ച നിലയില്‍
താലൂക്കിന്റെ മധ്യഭാഗവും ആസ്ഥാനവുമായ ദേവികുളത്ത് സബ് ആര്‍ടി ഓഫിസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് ദേവികുളം സബ് ആര്‍ടി ഓഫിസ് അഞ്ച് മാസം മുന്‍പ് ദേവികുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ അടിമാലിയില്‍നിന്നു ദേവികുളത്തേക്കു മാറ്റിയ സബ് ആര്‍ടി ഓഫിസ് പ്രവര്‍ത്തനം നിലച്ച നിലയില്‍.
ദേവികുളം താലൂക്ക് സബ് ആര്‍ടിഒ ഓഫിസ് അടിമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2013-ല്‍ ആണ്. താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് കെട്ടിട സൗകര്യമില്ല എന്നാണ് അന്ന് അടിമാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. ദേവികുളത്ത് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചതോടെ ആ പരാതി അവസാനിച്ചെങ്കിലും ഓഫിസ് മാറ്റിയില്ല. കഴിഞ്ഞ ഡിസംബറില്‍ സബ്കലക്ടര്‍ ഇടപെട്ട് മിനി സിവില്‍ സ്റ്റേഷനില്‍ ഓഫിസ് അനുവദിച്ചതും ഫെബ്രുവരി 18-ന് എസ്ആര്‍ടി ഓഫിസ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതും ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ്.
വാഹന റജിസ്ട്രേഷന്, ഡ്രൈവിങ് ടെസ്റ്റുകള്‍ എന്നിവ മാത്രമാണ് ഇവിടെ നടത്തിയത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, മൂന്നാര്‍, ദേവികുളം തുടങ്ങിയ വിദൂര പഞ്ചായത്തുകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വാഹന സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്ക് അടിമാലി ഓഫിസില്‍ത്തന്നെ പോകണമായിരുന്നു. ഇപ്പോള്‍ കോവിഡിന്റെ മറവില്‍ ഓഫിസ് അടച്ച് പൂട്ടിയതോടെ ഈ മേഖലയില്‍ നിന്നുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
'പകര്‍ച്ചവ്യാധിയുടെ മറവില്‍ സിവില്‍ സ്റ്റേഷനിലെ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണ്. മിനി സിവില്‍ സ്റ്റേഷനില്‍ 2000 ചതുരശ്ര അടി ഓഫിസ് ഇപ്പോള്‍ വെറുതെ കിടക്കുന്നു. ജനങ്ങളുടെ സൗകര്യവും സര്‍ക്കാരിന്റെ സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ആര്‍ടിഒ ഓഫിസ് താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് തന്നെ പ്രവര്‍ത്തനം തുടരണം. -പി.കെ.സുരേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ദേവികുളം.
https://www.facebook.com/Malayalivartha