ഭണ്ഡാരം കവര്‍ച്ചയ്ക്ക് മുമ്പ് കള്ളന്‍ കാണിക്കയിട്ടു, സിസിടിവി ക്യാമറയില്‍ കുടുങ്ങിയ കള്ളനെ പോലീസ് തിരയുന്നു

കഴിഞ്ഞ ദിവസം പുറക്കളം കോട്ടയം തിരൂര്‍ക്കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച നടത്തിയ കള്ളന്‍ കാണിക്കയിട്ട ശേഷമാണ് ഭണ്ഡാരം കവര്‍ന്നത്. കവര്‍ച്ച നടത്തിയയാളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിനായി കൊണ്ടു വച്ച മരത്തിന്റെ ഉരുപ്പടികളില്‍ ചിലത് ഒരു വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ നിന്നും മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് ക്ഷേത്രത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്.
മോഷ്ടാവ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയ ശേഷം മുന്‍വശത്തെ ഗേറ്റ് ചാടി കടന്ന് ചുറ്റുമതിലിനുള്ളില്‍ പ്രവേശിച്ചു. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പാര കൊണ്ട് ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പാര യഥാസ്ഥാനത്ത് കൊണ്ടു വയ്ക്കുകയും ചെയ്തു എന്നതും കൗതുകകരമായ കാര്യമാണ്.
ക്ഷേത്ര പരിസരവും മറ്റ് ഭണ്ഡാരങ്ങളും നിരീക്ഷിച്ച ശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകര്‍ത്ത് അതില്‍ നിന്നും പണം കവര്‍ന്നു. ഒരു ഭണ്ഡാരപ്പെട്ടിയില്‍ നിന്നു പണം കവര്‍ന്ന ശേഷം മറ്റൊരു ഭണ്ഡാരപ്പെട്ടിയില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് ആ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഇതിന് പുറമേ 50 മിനിറ്റ് ഓളം ക്ഷേത്രത്തില്‍ ചെലവഴിച്ച മോഷ്ടാവ് വന്ന വഴിയിലൂടെ തന്നെയാണ് തിരിച്ചു പോയത്.
ക്ഷേത്ര പരിസരത്തെ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്നും ഒരു ഭണ്ഡാരത്തിന്റ പൂട്ട് കണ്ടെത്തി. ക്ഷേത്രത്തിന് പിന്‍വശത്തെ ഒരു വീടിന്റെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടേതെന്ന് കരുതുന്ന ചെരിപ്പ്, തോര്‍ത്തുമുണ്ട് എന്നിവ കണ്ടെത്തി.ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ പൊലീസ് ബുധനാഴ്ച സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എസ്‌ഐമാരായ കെ.സി.അഭിലാഷ്, ദീലീപ് ബാലക്കണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതെ സമയം ഈ ക്ഷേത്രത്തിന് സമീപത്തെ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഈ ക്ഷേത്രത്തിലും പൊലീസ് പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























