പഞ്ചായത്ത് ആംബുലന്‍സിനു മോചനം, കഴിഞ്ഞ 26 മാസമായി മഴയും വെയിലുമേറ്റ് പൊലീസ് സ്റ്റേഷനില്‍ കിടന്ന ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ പീരുമേട് കോടതി
കഴിഞ്ഞ 26 മാസമായി മഴയും വെയിലുമേറ്റ് പൊലീസ് സ്റ്റേഷനില്‍ കിടന്ന കുമിളി പഞ്ചായത്തിന്റെ ആംബുലന്‍സിനു മോചനം. പീരുമേട് കോടതി വാഹനം പഞ്ചായത്തിനു വിട്ടുകൊടുക്കാന്‍ ഇന്നലെ ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറി ഉത്തരവിന്റെ കോപ്പി പൊലീസിന് കൈമാറി. ഇനി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാല്‍ വാഹനം നിരത്തിലിറങ്ങും.
കോണ്‍ഗ്രസ് ഭരിക്കുന്ന കുമിളി പഞ്ചായത്തില്‍ ആംബുലന്‍സിന്റെ എന്ജിന് മാറ്റി എന്ന പരാതിയുമായി രംഗത്തെത്തിയത് പ്രതിപക്ഷമായ സിപിഎമ്മാണ്. പഞ്ചായത്ത് പ്രസിഡന്റിനെ മുറിക്കുള്ളില്‍ തടഞ്ഞുവച്ചത് ഉള്‍പ്പെടെ വലിയ സമരങ്ങള്‍ക്ക് കുമളി സാക്ഷ്യം വഹിച്ചു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ആംബുലന്‍സ് എന്ജിന് സംബന്ധിച്ച് പൊലീസില്‍ പരാതി നല്കി. അങ്ങനെ 2018 ജൂലൈ 6-ന് കേസിലെ തൊണ്ടി മുതലായി പൊലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാഹനത്തിന്റെ എന്ജിന് നമ്പറില്‍ ചില തിരുത്തലുകള്‍ വരുത്തിയതായി കാണപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കാതെ ആംബുലന്‍സ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ ഇവര്‍ വാഹന നിര്‍മാണ കമ്പനിയില്‍ പോയി അന്വേഷണം നടത്തി. അങ്ങനെയാണ് എന്ജിന് നമ്പറിലെ പിഴവ് കമ്പനിക്ക് പറ്റിയ തെറ്റാണെന്ന് വ്യക്തമായത്. അതോടെ പേപ്പറുകള്‍ ശരിയാക്കി വാഹനം പഞ്ചായത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവാകുകയായിരുന്നു.
എന്നാല്‍ പീരുമേട് കോടതിയില്‍ നിന്ന് വിടുതല്‍ ഉത്തരവ് വാങ്ങിക്കൊടുക്കാതെ വാഹനം വിട്ടുകൊടുക്കാന്‍ സാധ്യമല്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടര്‍ന്നാണ് പഞ്ചായത്ത് പീരുമേട് കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ചത്.
ആംബുലന്‍സ് കേസിന്റെ നാള്‍വഴി ഇങ്ങനെ: 2014-ല്‍ പഞ്ചായത്ത് ആംബുലന്‍സ് വാങ്ങുന്നു.2017ല്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകരുമായി പോകുമ്പോള്‍ അപകടത്തില്‍പെട്ടു.തുടര്‍ന്ന് ഒരു വര്‍ഷക്കാലം അറ്റകുറ്റപ്പണികള്‍ക്കായി 2 വര്‍ക്ഷോപ്പുകളില്‍.2018-ല്‍ പണികള്‍ പൂര്‍ത്തീകരിച്ച് ടെസ്റ്റിങ്ങിനായി മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിക്കുമ്പോള്‍ എന്ജിന് നമ്പറിലെ തിരുത്തലുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നു. ഭരണപക്ഷത്തിനെതിരെ വലിയ ആയുധം കിട്ടിയപോലെ പ്രതിപക്ഷം ശക്തമായ സമരവുമായി തെരുവിലിറങ്ങുന്നു.2018 ജൂലൈ 6-ന് വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.ഇതിനിടെ ഈ ആംബുലന്‍സ് ഓടിയത് കേവലം പതിനായിരം കിലോമീറ്റര്‍ മാത്രം.
https://www.facebook.com/Malayalivartha