പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്ത മാസം മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കും...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്ത മാസം മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണിത്. വാഹനങ്ങളിലെ പുക പരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരും. ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ബി.എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് തര്‍ക്കത്തിനു കാരണം.
ആര്‍.സി. ബുക്കില്‍ ബി.എസ്. ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിന് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍, 2017-നു മുന്‍പും ബി.എസ്. ഫോര്‍ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. വാഹനം ബി.എസ്. ഫോര്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാഹന ഡീലര്‍മാരില്‍നിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാല്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
വണ്ടിയില്‍നിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.). ബി.എസ്. മൂന്നിനെക്കാള്‍ മലിനീകരണം കുറവാണ് ബി.എസ്. നാലിന്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങള്‍ ബി.എസ്. ആറാണ്. ബി.എസ്. ഫോര്‍ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























