ഒട്ടും പ്രതീക്ഷിച്ചില്ല... ഒന്നും മറയ്ക്കാനില്ലെന്ന് ഖുറാനിലെ വാചകങ്ങള്‍ പറഞ്ഞ് മനുഷ്യരുടെ കണ്ണ് മൂടിക്കെട്ടുമ്പോള്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തിട്ട് എന്‍ഐഎ; പാഠ പുസ്തകങ്ങള്‍ക്കൊപ്പും ഖുറാന്‍ കൊണ്ടുപോയത് രേഖപ്പെടുത്തിയില്ല; തൃശൂര്‍ മുതല്‍ കണ്ണൂര്‍വരെ ജിപിഎസ് പ്രവര്‍ത്തിച്ചില്ല; മന്ത്രി ജലീലിന്റെ ഭാവി കസ്റ്റംസിന്റെ കയ്യില്‍

കേരളത്തില്‍ ചൂടുപിടിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസ് പരിശുദ്ധ ഖുറാനില്‍ തട്ടി പൊള്ളുന്ന അവസ്ഥയാണ് കണ്ടത്. മുസ്ലീം ലീഗും കോണ്‍ഗ്രസും ജലീലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായി മുന്നോറുമ്പോഴാണ് മന്ത്രി കെടി ജലീല്‍ പരിശുദ്ധ ഖുറാനെ കൂട്ടുപിടിച്ച് തന്റെ ഭാഗം ന്യായീകരിച്ചത്. സിപിഎമ്മും സഖാക്കളും ഖുറാനെ മുറുകെ പിടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. മുസ്ലീം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും നിലനില്‍പ് പോലും ഖുറാനില്‍ തട്ടി പോകുമെന്ന അവസ്ഥയിലായിരുന്നു. എന്തിന് ചാനലുകള്‍ക്ക് അഭിമുഖത്തിനായെത്തിയ മന്ത്രി ജലീല്‍ പോലും ഖുറാന്‍ വചനങ്ങള്‍ ചൊല്ലി വിശ്വാസികളല്ലാത്തവരെപ്പോലും കോരിത്തരിപ്പിച്ചു. ഒന്നും മറയ്ക്കാനില്ലെന്നും. മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നുമൊക്കെയാണ് ഖുറാന്‍ ഉദ്ധരിച്ച് പറഞ്ഞത്.
എന്നാല്‍ എന്‍ഐഎ പിടി മുറുക്കിയതോടെ പലതും മറച്ചതായാണ് സൂചന. സിആപ്റ്റില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ വലിയ തെളിവുകളാണ് ലഭിച്ചത്. പാഠപുസ്തകം കൊണ്ടുപോയ വാഹനത്തില്‍ ഖുറാന്‍ കൊണ്ടുപോയെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ ജിപിഎസ് പ്രവര്‍ത്തിച്ചതുമില്ല. മറയ്ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് ഇതെല്ലാമെന്നാണ് എന്‍ഐഎയുടെ അന്വേഷണം.
അതേസമയം എന്‍ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ ഭാവി കസ്റ്റംസ് തീരുമാനിക്കും. സ്വപ്നയും സംഘവും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ സാക്ഷിയെന്ന നിലയില്‍ എന്‍.ഐ.എ ഇപ്പോള്‍ പരിഗണിക്കുന്ന ജലീല്‍ പ്രതിയായി മാറുമോയെന്ന ആശങ്ക ശക്തിപ്പെടുകയാണ്.
മന്ത്രിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ കൊണ്ടുപോയ വസ്തുക്കളില്‍ നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ജലീല്‍ കസ്റ്റംസ് കേസില്‍ പ്രതിസ്ഥാനത്തെത്തും. ഇതോടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജലീലിനെതിരെ എന്‍ഐ.എ നടപടിയെടുക്കാനും സാധ്യതയേറും.
ദേശീയ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതോടെ കസ്റ്റംസും പഴുതടച്ച നടപടികളിലാണ്. പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ടാണ് എന്‍ഐ.എ ചോദ്യം ചെയ്തതെന്നാണ് ജലീലിനെ അനുകൂലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, പ്രോേട്ടാകോള്‍ ലംഘനം അന്വേഷിക്കുന്ന ഏജന്‍സിയല്ല എന്‍ഐ.എ. യു.എ.പി.എ നിയമം 16, 17, 18 വകുപ്പുകള്‍ അനുസരിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള കാര്യങ്ങള്‍ പറയണമെന്നാണ് എന്‍ഐ.എ മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഭീകര പ്രവര്‍ത്തനം, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തല്‍, ഗൂഢാലോചന എന്നിവയാണ് ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍. പ്രതികള്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയ അവസരത്തില്‍ അവരുമായി അറിയാതെയെങ്കിലും ബന്ധപ്പെട്ടയാളാണ് ജലീല്‍. വാട്‌സ്ആപ് സന്ദേശങ്ങള്‍ വഴി പ്രതികളുമായി അടുത്ത ബന്ധമാണ് മന്ത്രിക്കുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഖുര്‍ആന്‍ വിതരണവും മറ്റും പേഴ്‌സണല്‍ സ്റ്റാഫിന് കൈകാര്യം ചെയ്യാമെന്നിരിക്കെ മന്ത്രിയുടെ ഇടപെടലാണ് സംശയത്തിനിടയാക്കിയത്.
മന്ത്രിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സ്വപ്നയടക്കം പ്രതികളെ എന്‍ഐ.എ വീണ്ടും ചോദ്യം ചെയ്യുകയാണ്. ജലീലിന് പങ്കുണ്ടെന്ന് ആരെങ്കിലും മൊഴി നല്‍കിയാല്‍ ജലീലിനെയും പ്രതി ചേര്‍ക്കാം. സി ആപ്റ്റ് അധികൃതരില്‍നിന്ന് ആവര്‍ത്തിച്ച് മൊഴിയെടുത്തിട്ടുണ്ട്. മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ മൊഴി നല്‍കാന്‍ പോകുകയും ചാനലുകള്‍ അടക്കമുള്ളവയെ ആക്ഷേപിക്കുകയും ചെയ്ത ജലീല്‍ പിന്നീട് നിരവധി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് കേസിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
അതേസമയം മതഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. പേഴ്‌സനല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്തായാലും വരുന്ന ആഴ്ച കടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha


























