അതിനും മടിക്കില്ല... വിവാദ 300 കിലോമീറ്റര്‍ യാത്രയില്‍ ജിപിഎസ് ഓഫാക്കിയത് പ്രത്യേക സ്ഥലത്ത്; ജിപിഎസ് കേടായെങ്കില്‍ ആ പ്രത്യേക സ്ഥലം കഴിഞ്ഞ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഐഎ; അവിനാശി അപകടത്തില്‍ ജിപിഎസ് വീണ്ടെടുത്ത അതേ മാതൃക പിന്തുടരാന്‍ അന്വേഷണ സംഘം

ഖുറാന്‍ കൊണ്ടുപോയ വാഹനത്തില്‍ സര്‍വത്ര ദുരൂഹതയാണെന്ന് എന്‍ഐഎ കണ്ടെത്തി. ജിപിഎസ് സംവിധാനത്തിന് യാതൊരു കുഴപ്പവുമില്ലായിരുന്നെങ്കിലും ആ പ്രത്യേക സ്ഥലത്ത് മാത്രം ജിപിഎസ് നിലച്ചതാണ് എല്ലാം സംശയത്തിലെത്തിക്കുന്നത്. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയാണ് ജിപിഎസ് നിലച്ചത്. അതായത് മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ജിപിഎസ് ഓഫായത്. അതിന്റെ രഹസ്യമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഡ്രൈവര്‍മാരെ ഒന്നു കുടഞ്ഞാല്‍ തന്നെ മണിമണിയായി ഉത്തരം കിട്ടുമെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്.
യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ സിആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ബന്ധം അട്ടിമറിയിലൂടെ വിച്ഛേദിച്ചതാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. യാത്രാമധ്യേ ജി.പി.എസ്. സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന മുന്നറിയിപ്പ് ലഭിക്കാന്‍ സംവിധാനമുണ്ടായിട്ടും അക്കാര്യം തിരക്കാഞ്ഞതും സംശയത്തിന് ഇടനല്‍കുന്നു. സിആപ്റ്റിന്റെ വാഹനത്തില്‍ ജി.പി.എസ്. ഘടിപ്പിച്ച കെല്‍ട്രോണില്‍, തകരാര്‍ മാറ്റുന്നതിനായി ഒരിക്കല്‍പോലും അധികൃതര്‍ ബന്ധപ്പെട്ടുമില്ല. വിവാദമായ യാത്രയ്ക്ക് ശേഷം വാഹനത്തിലെ ജി.പി.എസ്. പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ യാത്രയില്‍ വാഹനം മുന്നൂറിലധികം കിലോമീറ്റര്‍ ഓടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇ. കോണ്‍സുലേറ്റ് നല്‍കിയ മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ സിആപ്റ്റ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ജി.പി.എസില്‍നിന്ന് തൃശ്ശൂര്‍വരെയുള്ള വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. പുറപ്പെടും മുമ്പുതന്നെ വാഹനത്തിന്റെ ജി.പി.എസ്. സംവിധാനത്തിലേക്കുള്ള വെദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍, വൈദ്യുതി തടസ്സപ്പെട്ടാലും ഉപകരണത്തിലുള്ള ബാറ്ററി ഉപയോഗിച്ച് ആറുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചാര്‍ജ് അവസാനിക്കാറായി എന്നുമുള്ള മുന്നറിയിപ്പ് വാഹനം ട്രാക്കുചെയ്യുന്നവര്‍ക്ക് ലഭിക്കും.
ഇക്കാര്യം സംബന്ധിച്ചൊന്നും എന്‍.ഐ.എ. ചോദ്യംചെയ്യലില്‍ തൃപ്തികരമായ വിവരം ലഭിക്കാഞ്ഞതിനാലാണ് ജി.പി.എസ്. ഉപകരണം പിടിച്ചെടുത്ത് പരിശോധനകള്‍ക്ക് ശ്രമിക്കുന്നത്. സി ഡാക്കിന്റെ സഹായത്തോടെയാകും എന്‍.ഐ.എ. പരിശോധിക്കുക. ജി.പി.എസിന്റെ ലോഗില്‍നിന്ന് എത്രമണിക്ക് ഉപകരണവുമായുള്ള വൈദ്യുതിബന്ധം പോയി, ബാറ്ററിയില്‍ എത്രസമയം പ്രവര്‍ത്തിച്ചു, ഈ സമയം മുന്നറിയിപ്പ് സന്ദേശങ്ങള്‍ പോയിരുന്നോ എന്നിവ ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാകും. കഴിഞ്ഞദിവസം അന്വേഷണസംഘം വാഹനത്തിന്റെ ഡ്രൈവര്‍ കാവല്ലൂര്‍ സ്വദേശി അഗസ്റ്റിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യങ്ങളില്‍ വ്യക്തതയില്ലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സുരേഷിനെ രണ്ടുതവണയും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ജി.പി.എസ്.വിവരങ്ങള്‍ ക്രോഡീകരിച്ച് സി.ആപ്റ്റില്‍ വിശകലനം ചെയ്യുന്നതായും വിവരങ്ങളൊന്നുമില്ല.
തമിഴ്‌നാട്ടില്‍ അവിനാശിയില്‍നടന്ന അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ജി.പി.എസ്. ഉണ്ടായിരുന്നുവെങ്കിലും അത് മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിച്ചിരുന്നില്ല. പിന്നീട് ഉപകരണം നിര്‍മിച്ച കമ്പനിയുടെ സെര്‍വറില്‍നിന്നുതന്നെ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതുപോലെ, ജി.പി.എസ്. നിര്‍മാതാക്കളുടെ സെര്‍വര്‍ സംവിധാനത്തില്‍ നിന്നുതന്നെ വിവരങ്ങള്‍ തിരിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ തന്നെ എന്‍ഐഎയ്ക്ക് പൂട്ടാനാകും.
എന്തായാലും ഇനിയുള്ള നാളുകള്‍ നിര്‍ണായകമാണ്. സി ആപ്റ്റ് കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം ശക്തിപ്പെടുത്തിയതോടെ എന്തുണ്ടാകുമെന്ന ഒരു നിശ്ചയവുമില്ല. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഖുറാന്‍ കൊണ്ടുപോയ വഴിയില്‍ എന്‍ഐഎ സഞ്ചരിക്കും. വഴിമാറി പോയവരെ പൂട്ടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























