എന്നിട്ടും പിടിവിടുന്നില്ല... അഞ്ച് തവണ മാത്രം പറന്ന ഹെലികോപ്റ്ററിന് സര്‍ക്കാര്‍ നല്‍കേണ്ടത് 10.23 കോടി രൂപ; ആറു മാസം കൂടി കഴിയുമ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത് 20 കോടി; സാമ്പത്തിക പ്രതിസന്ധി കാരണം സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രണ്ടു മാസത്തെ ശമ്പളം പിടിക്കുമ്പോള്‍ പ്രതിഷേധം ശക്തം

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ അഞ്ച് തവണ മാത്രം പറന്ന ഹെലികോപ്റ്ററിന് സര്‍ക്കാര്‍ നല്‍കേണ്ടത് 10 കോടി 23 ലക്ഷത്തി 76800 രൂപ!
ഇങ്ങനെ മുന്നോട്ടു പോയാല്‍ ഒരു ആറു മാസം കൂടി കഴിയുമ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത് 20 കോടി 47 ലക്ഷത്തി 53600 രൂപ.
സാമ്പത്തിക പ്രതിസന്ധി കാരണം സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രണ്ടു മാസത്തെ ശമ്പളം പിടിച്ചെടുക്കാന്‍ തീരുമാനിച്ച ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ പവന്‍ ഹാന്‍സ് എന്ന സ്വകാര്യ കമ്പനിക്ക് കോടികള്‍ കൈമാറുന്നത്.
തുക നല്‍കിയില്ലെങ്കില്‍ കമ്പനി ഹെലികോപ്റ്ററുമായി വണ്ടി കയറും. അതു കൊണ്ടു തന്നെ വാടക കൃത്യമായി നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ പിടിവാശിയുണ്ട്.ബില്‍ വന്നാലുടന്‍ ആഭ്യന്തര വകുപ്പില്‍ നിന്നും പണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോലീസ് നവീകരണത്തിനായി മാറ്റി വച്ച തുകയില്‍ നിന്നാണ് സര്‍ക്കാര്‍ കോടികള്‍ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന പോലീസ് സേനക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പോലും സാമ്പത്തിക ത്തെരുക്കത്തിന്റെ പേരില്‍ അനുവദിക്കാതിരുന്ന സര്‍ക്കാരാണ് കോടികള്‍ ഹെലികോപ്റ്ററിന് വേണ്ടി കളയുന്നത്.
ചത്തീസ്ഗഡ് സര്‍ക്കാരിന് കുറഞ്ഞ ചെലവില്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയാണ് കേരളത്തില്‍ അത് ഇരട്ടി വിലയ്ക്ക് നല്‍കുന്നത്. ചത്തീസ്ഗസില്‍ 25 മണിക്കൂറിന് ഈടാക്കുന്നത് 85 ലക്ഷം മാത്രമാണ്. കേരളത്തില്‍ 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷവും. ചത്തീസ്ഗഡ് നക്സല്‍ ബാധിത പ്രദേശമാണ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഒഴികെ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ആവശ്യമില്ല.
അമിത വാടക നല്‍കി എന്തിനാണ് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തതെന്ന് പ്രതിപക്ഷത്തിനൊപ്പം പൊതുജനങ്ങളും ചോദിച്ചു . മുഖ്യന്ത്രിയുടെ ഉപയോഗത്തിനാണെന്ന പേരിലാണ് അടിയന്തര ആവശ്യമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. പതിനൊന്നു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുത്തത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കമ്പനിയുമായി നടത്തിയത്. ചര്‍ച്ചയില്‍ പതിനൊന്ന് പേര്‍ സഞ്ചരിക്കുന്ന കോപ്റ്ററിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ധാരണയിലെത്തിയത് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററിന് അല്ലെന്ന് ചിപ്പ്സണ്‍ നല്‍കിയ കത്തില്‍ പറയുന്നു. തങ്ങളോട് ആവശ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെലികോപ്പ്റ്റര്‍ ആണെന്നും കത്തിലുണ്ട്.
5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ 37 ലക്ഷത്തിന് വാടകയ്ക്ക് നല്‍കാമെന്നാണ് ചിപ്സണ്‍ കമ്പനി പറഞ്ഞത്. പവന്‍ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ട തുകയ്ക്ക് 3 ഹെലികോപ്റ്റര്‍ 30 മണിക്കൂര്‍ പറത്താമെന്ന് ചിപ്സണ്‍ പറയുന്നു. ഇവിടെയാണ് പവര്‍ഹാന്‍സുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവരുന്നത്.
ഹെലികോപ്റ്റര്‍ വിവാദം സര്‍ക്കാരിന്റെ സത് പേര് ഇല്ലാതാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വിവാദം ഉണ്ടാക്കിയത്. എന്നാല്‍ ഇത്തരം വിവാദങ്ങളിലൊന്നും ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
അതീവ രഹസ്യമായി സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്ന വിഷയമാണ് ഹെലികോപ്റ്റര്‍ . അതാണ് വിവാദത്തിലായത്. ഇന്ന് ഹെലികോപ്റ്റര്‍ കരാര്‍ നാട്ടില്‍ പാട്ടാണ്. മാധ്യമങ്ങള്‍ക്ക് കൃത്യസമയത്ത് വിവരം ലഭിച്ചു. ഇത് നല്‍കിയത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സെക്രട്ടേറിയറ്റില്‍ പ്രസ്തുത ഫയല്‍ കൈകാര്യം ചെയ്തവരും സംശയത്തിന്റെ നിഴലിലായി . സംശയത്തില്‍ നിന്നും ഊരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ഹാന്‍സില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും സജീവമാണ്. ഒരു മാസം 20 മണിക്കൂര്‍ പറന്നാലും ഇല്ലെങ്കിലും ഒരു കോടി 70 ലക്ഷത്തി 63000 രൂപ നല്‍കണം. മാര്‍ച്ചിലാണ് ഹെലികോപ്റ്റര്‍ കേരളത്തിലെത്തിയത്. പ്രകൃതിദുരന്തം ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും മാവോയിസ്റ്റ് നിരീക്ഷണത്തിനും വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ പെട്ടി മുടി ദുരന്തമുണ്ടായപ്പോള്‍ ഹെലികോപ്റ്റര്‍ പ്രയോജനം ചെയ്തില്ല. ആദ്യത്തെ പറക്കലില്‍ ഹെലികോപ്റ്റര്‍ വനം നിരീക്ഷണത്തിന് യോജിച്ചതല്ലെന്ന് മനസിലാക്കി. ഇതോടെ ഹെലികോപ്റ്ററിന്റെ ആഗമനോദ്ദേശ്യം ഇല്ലാതായി.
മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ആഢംബരത്തില്‍ വേണ്ടി കോടികള്‍ കളഞ്ഞത്.ചെലവും വരവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലാവും.
"
https://www.facebook.com/Malayalivartha


























