കലങ്ങിത്തെളിയുമ്പോള്‍... ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള തീരുമാനം അടുത്തയാഴ്ച എടുത്തേക്കും; മൊഴിപരിശോധിച്ച് വിശ്വസനീയമെന്ന് മനസിലാക്കിയാല്‍ ശിവശങ്കറിനെ ഒഴിവാക്കും; സ്വപ്നയുമായുള്ള ബന്ധത്തില്‍ സ്റ്റേറ്റിന് നഷ്ടം സംഭവിച്ചിട്ടില്ലത്രെ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയേക്കും. അടുത്തയാഴ്ച ഇതുസംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് സൂചന.
രണ്ട് ദിവസത്തിനുള്ളില്‍ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികള്‍ ഒരിക്കല്‍ കൂടി പരിശോധിക്കും. ഇത് എന്‍ ഐ എയുടെ ഡല്‍ഹിയിലും ഹൈദരാബാദിലുമുള്ള ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക. മൊഴിപരിശോധിച്ച് വിശ്വസനീയമെന്ന് മനസിലാക്കിയാല്‍ ശിവശങ്കറിനെ ഒഴിവാക്കും.
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഞ്ചാരയടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞതത്രേ. സ്വപ്നയുമായുള്ള ബന്ധത്തില്‍ സ്റ്റേറ്റിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും വിവാദ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.
നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. എട്ടരമണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മൂന്നാം തവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പഴയ മൊഴിയില്‍ നിന്ന് യാതൊരു മാറ്റവും വരുത്താതെയാണ് ശിവശങ്കര്‍ എന്‍ ഐ എയോട് സംസാരിച്ചത്. തികച്ചും അക്ഷോഭ്യനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നറിയുന്നു.
സ്വപ്ന സുരേഷ് തന്റെ അരികില്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം പരിചയ ഭാവം കാണിച്ചില്ല. താനുമായുള്ള അടുപ്പം സ്വപ്ന ദുരുപയോഗം ചെയ്തതിന്റെ വിഷമം ശിവശങ്കറിന് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്വപ്നയും ഒരു ഘട്ടത്തില്‍ പോലും ശിവശങ്കറുമായി സംസാരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണ്ണകടത്തില്‍ ശിവശങ്കര്‍ തന്നെ സഹായിച്ചിട്ടില്ലെന്ന മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നു. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിലും ഇതു തന്നെയായിരുന്നു സ്ഥിതി. എന്‍ ഐ എ കറക്കിയും തിരിച്ചും ചോദിച്ച ചോദ്യങ്ങളിലൊന്നും സ്വപ്ന വീണില്ല. ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം സ്വപ്ന മറച്ചുവച്ചുമില്ല. സ്വപ്നയുടെ മൊഴി വിശ്വസനീയം എന്നു തന്നെയാണ് എന്‍ ഐ എ കരുതുന്നത്.
വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എന്‍.ഐ.എ. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍, സ്വപ്നയുടെ സഹായാഭ്യര്‍ഥനകള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. ഇവിടെയും തന്നെ തകര്‍ക്കാനാണ് സ്വപ്ന ശ്രമിച്ചതെന്ന് ശിവശങ്കര്‍ പറഞ്ഞതായി സൂചനയുണ്ട്.
ശിവശങ്കറിന്റെ ഉത്തരങ്ങള്‍ പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.
സ്വപ്നയില്‍നിന്നും സന്ദീപില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെയും ലാപ്ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിരുന്ന എന്‍.ഐ.എ.യ്ക്കു അതിന്റെ ഫലം കിട്ടിയിട്ടുണ്ട്.
ശിവശങ്കറുമായി നടത്തിയ വാട്സാപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തേ സ്വപ്ന ഫോണില്‍നിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങള്‍ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കില്‍ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഒരു സുഹ്യത്ത് എന്ന നിലയില്‍ താന്‍ സ്വപ്നക്ക് ചെയ്തുകൊടുത്ത ഉപകാരമാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്.ഇതില്‍ അഴിമതിയില്ല. സ്വജനപക്ഷപാതം ഉണ്ട് എന്ന വിലയിരുത്തലിലാണ് എന്‍ ഐ എ. എസ് ബി ഐയുടെ തിരുവനന്തപുരം ശാഖയില്‍ ലോക്കര്‍ എടുത്ത് നല്‍കിയതിന് കാരണം സ്വപ്നക്ക് അവിടെ അക്കൗണ്ട് ഇല്ലാത്തതു കൊണ്ടാണ്. അതു കൊണ്ടാണ് തന്റെ സുഹ്യത്തായ ചാര്‍ട്ടേഡ് അക്കൗങന്റിന്റെ കൂടി പേരില്‍ ലോക്കര്‍ തുടങ്ങിയതെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി അറിയുന്നു.
ചോദ്യം ചെയ്യലിനിടയില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എന്‍.ഐ.എ.യുടെ ഓഫീസിലെത്തിയിരുന്നു.എന്‍ ഐ എയുടെ സംസ്ഥാനത്തിനു പുറത്തുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിരീക്ഷിച്ചിരുന്നു. ഇവര്‍ക്കും ശിവശങ്കറിന്റെ മൊഴിയില്‍ തൃപ്തിയുണ്ടെന്നാണ് മനസിലാക്കുന്നത്
കസ്റ്റംസ് രണ്ടുദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തവണയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തും.സ്വപ്നയുമായി ബന്ധമുണ്ടായിരുന്നു എന്ന പേരില്‍ ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് എക്കാലവും മാറ്റി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയാല്‍ അത മുഖ്യന്ത്രിക്ക് വലിയ നേട്ടമായി മാറും. അതോടെ അദ്ദേഹത്തിന്റെ ഓഫീസ് സംശയ നിഴലില്‍ നിന്ന് രക്ഷപ്പെടും. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും അത് തെളിയിക്കാനുള്ള വസ്തുതകള്‍ എന്‍ ഐ എക്ക് ലഭിച്ചിട്ടില്ല. ശിവശങ്കര്‍ കുറ്റവിമുക്തനായാല്‍ സി പി എമ്മിനും അത് വലിയ ആശ്വാസമായി മാറും.
പറ്റിയ തെറ്റുകളില്‍ തിരുത്തല്‍ വരുത്താന്‍ മുഖ്യമന്ത്രിയും ഓഫീസും തയ്യാറാണ്. അതു കൊണ്ടാണ് സ്പ്രിംഗളര്‍ കരാര്‍ ഒഴിവാക്കിയത്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതില്‍ കടിച്ചുതുങ്ങാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയാലും അദ്ദേഹത്തിന് പ്രധാനപ്പെട്ട തസ്തികകള്‍ ലഭിക്കാനിടയില്ല.മുഖ്യമന്ത്രി അദ്ദേഹത്തെ വീണ്ടും തള്ളി പറയുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം സ്വപ്ന കെട്ടിലമ്മ ചമത്തി ഒരു സംസ്ഥാനത്തിന് ആകെ നാണക്കേട് ഉണ്ടാക്കിയതിന്റെ മറുപടി ആരു പറയുമെന്ന് വ്യക്തമല്ല. ഏതായാലും ശിവശങ്കര്‍ പറയില്ല. കാരണം അദ്ദേഹമാണല്ലോ കഥയിലെ വില്ലന്‍.
https://www.facebook.com/Malayalivartha


























