കാസര്‍കോട്ടുക്കാരുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ തിരുവന ന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടണം

കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടുന്നതിനു എന്താണ് തടസ്സമെന്ന് കാസര്‍കോട് ജില്ല ഒന്നടങ്കം ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍, തെക്കന്‍ജില്ലകളില്‍ നിന്ന് കാസര്‍കോട്ടും തിരിച്ചും ട്രെയിനിലെത്തി ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെയെല്ലാം ഒറ്റക്കെട്ടായ ആവശ്യം. പക്ഷേ കാസര്‍കോട്ടുക്കാരുടെ യാത്ര പ്രശ്‌നം പരിഹരിക്കാനൊരു ശ്രമവുമില്ല.
തിരുവനന്തപുരത്തേക്കും തിരിച്ചും കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 5 ദിവസം ഓടുന്ന ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലക്കാരുടെ ഏക ആശ്രയമാണ്. കണ്ണൂരില്‍ നിന്നു പുലര്‍ച്ചെ 4.40-ന് പുറപ്പെടുന്ന ട്രെയിനായി കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ളവര്‍ തലേന്നു തന്നെ വീട്ടില്‍ നിന്നിറങ്ങുകയാണ്. അല്ലെങ്കില്‍ കണ്ണൂരിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കണം. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ രാത്രി 11.40-നു കണ്ണൂരിലെത്തും. അവിടെ നിന്നു കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തണമെങ്കില്‍ വാഹന സൗകര്യത്തിനായി പുലരും വരെ കാത്തിരിക്കണം.
കോവിഡിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്ക് രാത്രി ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങിയത് ജില്ലക്കാര്‍ക്ക് ഇരട്ടി ദുരിതമായി. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടാതിരിക്കുന്നതിന് കാരണമായി പറയുന്നത് രാത്രിയിലെത്തുന്ന ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലെന്നതാണ്. എന്നാല്‍ 3 ട്രാക്ക് സൗകര്യമുള്ള കാസര്‍കോട്ട് ഇതിനു സൗകര്യമില്ലെന്നുള്ള റെയില്‍വേയുടെ ന്യായം അംഗീകരിക്കാനാകില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കാസര്‍കോട് സൗകര്യമില്ലെങ്കില്‍ 10 കീലോമീറ്റര്‍ അകലെയുള്ള കുമ്പളയില്‍ നിര്‍ത്തിയിടാനുള്ള സംവിധാനം ഒരുക്കാന്‍ റെയില്‍വേയ്ക്കു ചെറിയൊരു നഷ്ടം മാത്രം സഹിച്ചാല്‍ മതിയാകും. യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ ഈ നഷ്ടം നികത്താനാകുന്നതേയുള്ളു.
കാസര്‍കോട് വച്ച് ട്രെയിനില്‍ വെള്ളം നിറയ്ക്കാനും ക്ലീന്‍ ചെയ്യാനും സൗകര്യമില്ലെന്ന് പറയുന്നുവെങ്കിലും അധികൃതര്‍ വിചാരിച്ചാല്‍ ചെയ്യാന്‍ പറ്റുന്ന കാര്യം മാത്രമാണിത്. കാസര്‍കോട് നിന്നു യാത്ര തുടരുകയാണെങ്കില്‍ മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. തെക്കന്‍ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലക്കാര്‍ ഏറെയാണ്. അവര്‍ എല്ലാം ആഴ്ചയില്‍ ഒരു ദിവസം കണ്ണൂരിലേക്ക് സ്വകാര്യ വാഹനങ്ങളിലെത്തി അവിടെ നിന്നാണ് ഈ ട്രെയിനില്‍ ജോലി സ്ഥലത്തേക്കായി പോകുന്നത്.
റെയില്‍വേ തന്നെ സമ്മതിക്കുന്ന വസ്തുതയാണ് കണ്ണൂരില്‍ നിന്നു കയറുന്ന യാത്രക്കാരില്‍ പകുതിയിലേറെയും കാസര്‍കോട് നിന്നുള്ളവരാണെന്നത്. എന്നിട്ടും കാസര്‍കോട്ടേയ്ക്ക് ഈ ട്രെയിന്‍ നീട്ടുന്നതിനു അമാന്തം കാണിക്കുകയാണ്. സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമാണ് ജനശതാബ്ദി എക്‌സ്പ്രസ് കേരളത്തില്‍ ഓടാന്‍ റെയില്‍വേ അനുവദിച്ചത്. അതിനാല്‍ ഈ ട്രെയിന്‍ കാസര്‍കോടു വരെ നീട്ടണമെന്നാവശ്യവും സംസ്ഥാന സര്‍ക്കാര്‍ കൂടി ആവശ്യപ്പെട്ടാല്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനു ജനപ്രതിനിധികള്‍ നിവേദനങ്ങള്‍ നല്‍കി കാത്തിരുന്നാല്‍ കാര്യമില്ല, ആവശ്യമായ ഇടപെടലുകള്‍ നടത്തണം.
കോവിഡ് വ്യാപനത്തിനു മുന്‍പ് മംഗളൂരുവില്‍ നിന്നു പുറപ്പെട്ടിരുന്ന 4 ട്രെയിനുകളിലായി ജില്ലക്കാരായ അന്‍പതിലേറെ അര്‍ബുദ രോഗികള്‍ തിരുവനന്തപുരം ആര്‍സിസിയിലേക്ക് ട്രെയിനില്‍ ദിവസവും പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരില്‍ പലരുടെയും ചികിത്സ മുടങ്ങിയിരിക്കുകയാണ്. ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും വിദഗ്ധ ചികിത്സ കിട്ടാതെയായി. അതിനാല്‍ മിക്കവരും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പോവുകയാണ്. ചിലര്‍ സ്വകാര്യ വാഹനങ്ങളില്‍ ചികിത്സയ്ക്കായി പോകുന്നുവെങ്കിലും ഭൂരിപക്ഷം പേരുടെയും ചികിത്സ ട്രെയിനുകളില്ലാതെ മുടങ്ങി.
https://www.facebook.com/Malayalivartha


























