ചേരാനിയിലെ തോട്ടത്തില്‍ ഒളിച്ച് പൊലീസിനെ വട്ടംചുറ്റിച്ച കവര്‍ച്ചക്കേസ് പ്രതികളില്‍ 2 പേര്‍ പിടിയില്‍

പൊലീസിനെയും നാട്ടുകാരെയും രണ്ടു രാത്രിയും ഒരു പകലും വട്ടംകറക്കി തോട്ടത്തില്‍ മറഞ്ഞ മോഷ്ടാക്കളില്‍ 2 പേര്‍ 25 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പിടിയില്‍. പ്രതികള്‍ രണ്ടും പ്രായപൂര്‍ത്തിയാകാത്തവരാണ്. മണര്‍കാട് സ്വദേശിക്കു 16 വയസ്സ്, വെള്ളൂര്‍ സ്വദേശിക്ക് 17. ഇവരെ ജൂവനൈല്‍ കോടതിയില്‍ പൊലീസ് ഹാജരാക്കി.
ഇവരുടെ കൂടെയുണ്ടായിരുന്നത് അയ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മണര്‍കാട് സ്വദേശി ഉണ്ണിക്കുട്ടനാണെന്നു (25) പൊലീസ് പറയുന്നു. ഉണ്ണിക്കുട്ടനെ കണ്ടെത്താനായില്ല. മേലുകാവുമറ്റത്ത് നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് ഉണ്ണിക്കുട്ടനെയും മണര്‍കാട് സ്വദേശി പതിനാറുകാരനെയും തിരിച്ചറിഞ്ഞതായും ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം തന്നെ പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു.
ഉണ്ണിക്കുട്ടന്‍ പ്രദേശത്തു നിന്നു കടന്നതിനാല്‍ പോലീസ്, ചേരാനി ഭാഗത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഉണ്ണിക്കുട്ടനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മേലുകാവ് മറ്റത്തെ വാച്ച് കടയില്‍ നിന്നു മോഷ്ടിച്ച ഫോണ്‍ പ്രതികള്‍ ഒളിച്ച ചേരാനിയിലെ തോട്ടത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
പിണ്ണാക്കനാട്- പൈക റൂട്ടില്‍ ചേരാനി ഗുരുമന്ദിരത്തിനു സമീപത്തുനിന്നാണ് ഇന്നലെ രാവിലെ ഏഴിനു തിടനാട് എസ്‌ഐ ക്ലീറ്റസ് ജോസഫും സിപിഒ എം.ജെ.ജുനൈസും ചേര്‍ന്ന് ഇവരെ പിടികൂടിയത്. ഞായറാഴ്ച രാവിലെ ആറു മുതല്‍ പിടിയിലാകുന്നതു വരെ ഇവര്‍ ചേരാനിയിലെ റബര്‍, കൈതത്തോട്ടങ്ങളിലായിരുന്നു. ഇവരുടെ പേരില്‍ ഗാന്ധിനഗര്‍, മണര്‍കാട്, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്.
റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ മണര്‍കാട് സ്വദേശി (16) അച്ഛനെ ഫോണ്‍ വിളിച്ചു. മൂന്നു നാലു ദിവസമായി കാണാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ അച്ഛനോടു പറഞ്ഞു..: 'അച്ഛാ ഞാന്‍ ട്രിപ്പിലാണ്'. ആ സമയം പൊലീസും നാട്ടുകാരും ഇവരെ തിരഞ്ഞു വട്ടംചുറ്റുകയായിരുന്നു. പൊലീസ് മണര്‍കാട്ടെ വീട്ടിലും എത്തി. മകന്‍ 'ട്രിപ്പിന് ഇടയില്‍' വിളിച്ച കാര്യം അച്ഛന്‍ പൊലീസിനോടു പറഞ്ഞു.
പിണ്ണാക്കനാട്- പൈക റൂട്ടില്‍ ചേരാനിക്ക് സമീപത്തെ തോട്ടത്തില്‍ ഒളിച്ച മൂവരും ഇന്നലെ പുലര്‍ച്ചെ രണ്ടിനു പുറത്തിറങ്ങി. വീണ്ടും നാട്ടുകാരുടെ മുന്നില്‍പ്പെട്ടതോടെ രണ്ടായി പിരിഞ്ഞ് ഓടി. ഇന്നലെ രാവിലെ 7-ന് പിണ്ണാക്കനാട്‌പൈക റോഡില്‍ ചേരാനി ഭാഗത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഇവരെ കണ്ടെത്തി പിടികൂടിയ ഇരുവരെയും തിടനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നു.
ദാഹിച്ചപ്പോള്‍ റബര്‍പ്പാലിന്റെ ചിരട്ടയിലെ മഴവെള്ളം അരിച്ചു കുടിച്ചു. പിന്നെ റബര്‍ തോട്ടത്തിലെ അരുവി കണ്ടെത്തി ദാഹം തീര്‍ത്തു. വിശപ്പു സഹിക്കാന്‍ വയ്യാതായപ്പോള്‍ തോട്ടത്തില്‍ നിന്നു പുറത്തിറങ്ങി. അങ്ങനെയാണ് ഇവര്‍ ഇന്നലെ പൊലീസിനു മുന്നില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറിനു കാളകെട്ടി കൊച്ചുകാവ് വഴി റബര്‍ തോട്ടത്തില്‍ കയറിയവര്‍ക്ക് പിന്നെ കഴിക്കാന്‍ ഒന്നും കിട്ടിയില്ല. തോട്ടത്തില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടന്നാണ് ഇവര്‍ തിരച്ചിലുകാരുടെയും ഡ്രോണിന്റെയും കണ്ണില്‍ നിന്ന് ഒളിച്ചത്.
ഇരുനൂറോളം പൊലീസുകാരും നൂറോളം നാട്ടുകാരുമാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇന്നലെ രാവിലെ വരെ തിരച്ചിലില്‍ പങ്കെടുത്തത്. തിരച്ചിലിനും റോഡുകള്‍ തടഞ്ഞുപരിശോധനയ്ക്കും നാട്ടുകാര്‍ പിന്തുണ നല്‍കി. പിടിയിലായ 2 പേരെയും ആദ്യം തിടനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് മേലുകാവ് പൊലീസിന് കൈമാറി. വൈകിട്ടോടെ കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ്, പാലാ എസ്എച്ച്ഒ അനൂപ് ജോസ്, ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസ്, പൊന്‍കുന്നം എസ്എച്ച്ഒ എസ്.ഷിഹാബുദീന്‍, മേലുകാവ് എസ്‌ഐ ലെബിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























