ഐ ഫോണ്‍ താൻ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു; അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണം; ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിൽ ഐഫോൺ വിവാദം കൊഴുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായിരിയ്ക്കുകയാണ്. എങ്കിലും വെറുതെ വിടാൻ രമേശ് ചെന്നിത്തല ഒരുക്കമല്ല. കോടിയേരിയെ കൊണ്ട് മാപ്പ് പറയിച്ചിട്ടേ അടങ്ങു എന്ന വാശിയിലാണ് പ്രതിപക്ഷ നേതാവ്. ഐ ഫോണ്‍ താൻ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണം. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൊടുത്തോ എന്ന് തനിക്ക് അറിയില്ലെന്നും സന്തോഷ് ഈപ്പൻ ഇന്നലെ വിജിലൻസിനു മൊഴി നൽകിയിരുന്നു.
സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഇൗപ്പൻ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം നൽകിയ ഹർജിയിലാണ് രമേശ് ചെന്നിത്തലയ്ക്ക് ഉൾപ്പെടെ നൽകാനായി സ്വപ്ന സുരേഷിന് ഐ ഫോൺ നൽകിയെന്ന പരാമർശം ഉണ്ടായിരുന്നത്.യുഎഇ കോൺസുലേറ്റിലെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത താൻ സമ്മാന വിതരണം നടത്തിയതാണെന്നും തനിക്ക് ഫോൺ ലഭിച്ചിട്ടില്ലെന്ന് രമേശ് വിശദീകരിച്ചെങ്കിലും സിപിഎം വലിയ പ്രചാരണം നടത്തിയിരുന്നു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുൻ പഴ്സനൽ സ്റ്റാഫംഗവും ഇപ്പോൾ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉദ്യോഗസ്ഥനുമായ ആൾക്കാണ് ഒരു ഫോൺ കിട്ടിയതെന്നായിരുന്നു രമേശ് ചെന്നിത്തല അറിയിച്ചത്.ബാക്കി ഫോണുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു രമേശ് കത്തു നൽകി. എങ്കിലും കേസില്ലാത്തതിനാൽ ഇൗ വിവരം ശേഖരിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടർന്ന് സന്തോഷ് ഈ പ്പനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല വക്കീൽ നോട്ടിസും അയച്ചിരുന്നു.
ഐ ഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു . പാരിതോഷികം സ്വീകരിച്ചുവെന്നാരോപിച്ച് കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക്, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ബോധ്യമായെന്നും കോടിയേരി പരിഹസിക്കുകയും ചെയ്തിരുന്നു . ഐഫോണ്‍ സ്വീകരിച്ചതിലൂടെ രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘിച്ചു. പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെങ്കില്‍ അത് ചെന്നിത്തലയ്ക്കും ബാധകമല്ലേയെന്നും കോടിയേരി ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























