ഈ മാസാവസാനത്തോടെ കോവിഡ് വ്യാപനം കുറയുമെന്ന് പഠനം; കോവിഡ് രോഗം കണ്ടെത്തിയവരെക്കാള്‍ പത്തിരിട്ടിപേര്‍ക്ക് രോഗം വന്നു പോയി; അതെസമയം ചികില്‍സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷമാകും

കോവിഡ് വ്യാപനം ഈ മാസം രൂക്ഷമായിരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അല്‍പം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നു നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സര്‍ക്കാരിന്റെ ഊഹ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റില്‍ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കേരളത്തില്‍ പഠനം നടത്തിയത്. 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതില്‍ 11 ശതമാനം പേരിലാണ് (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങള്‍ കണ്ടതെന്നാണ് പറയുന്നത്. നിലവില്‍ രോഗബാധ കണ്ടെത്തിയവരെക്കാള്‍ പത്തിരട്ടിപ്പേര്‍ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് പറയുന്നത്.
മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ മേയില്‍ നടത്തിയ പഠനത്തെക്കാള്‍ ഓഗസ്റ്റില്‍ രോഗവ്യാപനത്തോത് 2.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ദേശീയ ശരാശരിയെക്കാള്‍ താഴെയാണുതാനും. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണു വിലയിരുത്തല്‍. നിലവില്‍ 2.29 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേര്‍ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്. ഏറ്റവുമധികം പേര്‍ ചികിത്സയിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് 12,594. എറണാകുളത്ത് 10,487 പേരുണ്ട്. സംസ്ഥാനത്തെ മൊത്തം രോഗികളില്‍ 553 പേര്‍ ഐ.സി.യു.വിലാണ്. 140 പേര്‍ക്ക് വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. 62.84 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 0.36 ശതമാനവും.
അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 61,267 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 884 പേര്‍ ആണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























