കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ മുസ്ലീംലീഗ്; കോണ്‍ഗ്രസിന്റെ അപചയവും പാലായനവും കാശും കസേരയുമാക്കി മാറ്റാന്‍ കരുക്കള്‍ ഒരുക്കുന്ന പണിയിൽ കുഞ്ഞാലിക്കുട്ടി, 35ല്‍ മത്സരിച്ച് 30ല്‍ പച്ചതൊട്ടാല്‍ കുഞ്ഞാപ്പ തീരുമാനിക്കും

യുഡിഎഫില്‍ ഇനി കുഞ്ഞാലിക്കുട്ടിയുടെ കാലമാണ്. ഐക്യജനാധിപത്യ മുന്നണിയിലെ വല്യേട്ടനായ കോണ്‍ഗ്രസിനെ വിലപേശി വാങ്ങാനുള്ള കാശും കരുത്തും കണക്കുകൂട്ടലുമായാണ് കുഞ്ഞാപ്പ ഡല്‍ഹിയില്‍നിന്ന് കേരളത്തില്‍ കോവണി നാട്ടുന്നത്. ഈ കച്ചവടം കഴിഞ്ഞാല്‍ പൊട്ടിക്കാനുള്ള കുഞ്ഞാപ്പ പച്ച ലഡു വേണ്ടിടത്തോളം കരുതിവച്ചുകഴിഞ്ഞിട്ടുണ്ട്. ജോസ് കെ മാണി അങ്ങേരുടെ കേരള കോണ്‍ഗ്രസുമായി ഇടതുമുന്നണിയിലേക്കു ചേക്കേറിയിട്ടുവേണം യുഡിഎഫില്‍ മൊത്തക്കച്ചവടം തുടങ്ങാനെന്ന ചിന്തയിലാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. മാണി കോണ്‍ഗ്രസിന്റെ അപചയവും പാലായനവും കാശും കസേരയുമാക്കി മാറ്റാന്‍ കരുക്കള്‍ ഒരുക്കുന്ന പണിയിലാണ് കുഞ്ഞാലിക്കുട്ടിയിപ്പോള്‍. യുഡിഎഫ് കേരള കോണ്‍ഗ്രസിനു മത്സരിക്കാന്‍ നിയമസഭയില്‍ വെച്ചുനീട്ടിയിരുന്ന 15 സീറ്റുകളില്‍ നാലഞ്ചെണ്ണം കുഞ്ഞാപ്പ വാങ്ങിയെടുക്കും. ജോസ് കെ മാണി പോയാല്‍ ആ സീറ്റുകളിലെല്ലാം കയറിയിരിക്കാം എന്നു പിജെ ജോസഫ് കണക്കുകൂട്ടിയാല്‍ തൊടുപുഴ ഔസേപ്പച്ചാ ആ കട്ടിലു കണ്ടൊന്നും നിങ്ങളു പനിക്കേണ്ട.
കോട്ടയത്തെ മാണിയുടെ പഴയ സീറ്റുകളില്‍ മനപയസം നുണയുന്ന കല്ലാനി, വാഴയ്ക്കന്‍, ഫിലിപ്പ് കോണ്‍ഗ്രസുകാരേ അവിടെയൊക്കെ കുഞ്ഞാലിക്കുട്ടി കട തുറന്നു വ്യാപരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെ സീറ്റുചര്‍ച്ചകളില്‍ കളിപ്പിച്ചിരുന്നതുപോലത്തെ ഒപ്പീരൊന്നും ലീഗിന്റെ അടുത്തു നടക്കില്ല. ഒരിക്കലും ജയിക്കാത്ത പേരാമ്പ്രയും ആലത്തൂരും തളിപ്പറമ്പുമൊക്കെ തികച്ചായിരുന്നല്ലോ മുന്‍പ് 15 സീറ്റ് മാണി കോണ്‍ഗ്രസിന് ഔദാര്യം പോലെ കോണ്‍ഗ്രസ് വെച്ചുനീട്ടിയിരുന്നത്. അര നൂറ്റാണ്ടോളം കേരള കോണ്‍ഗ്രസുകള്‍ ജയിച്ച പൂഞ്ഞാര്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസുകാരുടെ പരമ്പരാഗത മണ്ണിലേക്കും പച്ചക്കൊടിയും പരിവാരങ്ങളുമായി കുഞ്ഞാലിക്കുട്ടി കടന്നുവന്നാല്‍ അതില്‍ അതിശയം വേണ്ട. ജോസഫിനു മൈക്കു കൊടുത്തു പാട്ടുംപാടി ജയിക്കാന്‍ പറ്റിയ അധികം സീറ്റുകള്‍ മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് അവശേക്കില്ല എന്ന വസ്തുത വൈകാതെ കേരളം തിരിച്ചറിയും.
ഉമ്മന്‍ ചാണ്ടീം തിരുഞ്ചൂരും അറിഞ്ഞോളിന്‍, അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോട്ടയത്തെ പല പഞ്ചായത്തുകളിലും ആളെ ജയിപ്പിച്ച് നിങ്ങളെ ഞെട്ടിച്ചശേഷമായിരിക്കും അതിന്റെ ബലത്തില്‍ പൂഞ്ഞാര്‍ സീറ്റു ചോദിക്കുക. കോണ്‍ഗ്രസിനുള്ളില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ ആളായി കുഞ്ഞാപ്പ എന്ന ആല്‍മരം ശിഖിരം വച്ചു വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ലീഗിന്റെ ആസ്ഥാനമായ കോഴിക്കോട്ടെ സിഎച്ച് മുഹമ്മദ് കോയ ആപ്പീസില്‍ ഭാവി കണക്കുകളുടെ ഫയലില്‍ എല്ലാം കുഞ്ഞാലിക്കുട്ടി എഴുതി വച്ചുകഴിഞ്ഞിട്ടുണ്ട്. അതിനടയില്‍ പാണക്കാട്ട് തങ്ങള്‍ ഒപ്പിട്ട് ഒകെ വച്ചുകഴിഞ്ഞിട്ടുമുണ്ട്.
2015ല്‍ മത്സരിച്ച 24 സീറ്റുകളൊന്നുംകൊണ്ട് കുഞ്ഞാലിക്കുട്ടി നിയമസഭാ ഇലക്ഷനില്‍ തൃപ്തനാകില്ല. കുറഞ്ഞത് 35 സീറ്റില്‍ കോവണി അടയാളം പതിക്കാന്‍ തന്നെയാണ് പാണക്കാട്ടുനിന്നുള്ള അനുമതിയോടെ കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കം. 35ല്‍ മത്സരിച്ച് 30ല്‍ പച്ചതൊട്ടാല്‍ കുഞ്ഞാപ്പ തീരുമാനിക്കും യുഡിഎഫ് വണ്ടി ആര് ഏതു റൂട്ടില്‍ ഓടിക്കണമെന്ന്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടപ്പില്‍ ലീഗ് വിലപേശി അവകാശം പറഞ്ഞുവച്ച മൂന്നാം സീറ്റിനു പകരം എന്ന മട്ടിലായിരിക്കും എട്ടു പത്തു സീറ്റുകള്‍ കൂടി അധികം ചോദിക്കുക. പോരെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് റോഡ് ഷോയില്‍ കൈപ്പത്തികൊടിയേക്കാള്‍ കൂടുതലുണ്ടായിരുന്നത് കോഴിക്കോട്ടു നിന്നു കൊണ്ടുപോയ പച്ചക്കൊടിക്കളല്ലായിരുന്നോ എന്നൊരു ചോദ്യവും കുഞ്ഞാപ്പ ചോദിക്കും.
പറയാന്‍ കോണ്‍ഗ്രസിനു മറുപടിയുണ്ടാവില്ല. കേരള കോണ്‍ഗ്രസ് കൈയിലിരുപ്പുകൊണ്ട് ക്ഷയം ബാധിച്ച് മരിച്ചുപോകുന്ന സാഹചര്യത്തില്‍ യുഡിഎഫിലെ പോഷകാഹാരം വലിച്ചെടുത്ത് കൊഴുക്കാന്‍ തന്നെയാണ് ലീഗിന്റെ നീക്കം. ലീഗു പിണങ്ങിയാല്‍ ഗ്യാസു പോകുന്ന അവസ്ഥയിലാണല്ലോ നിലവില്‍ കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭയില്‍ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് കര കയറിയത് 22 സീറ്റില്‍ മാത്രമാണ്. അടുത്ത തവണയും 35 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങുന്ന സാഹചര്യത്തില്‍ ഒന്നാമനെക്കാള്‍ വലിയ പുള്ളി രണ്ടാമന്‍തന്നെയായിരിക്കുമെന്ന് അംഗീകരിച്ചേ പറ്റു. മലപ്പുറം കോട്ട അപ്പാടെയും കോഴിക്കോട് തീരം പകുതിയും പിടിച്ചടക്കിയാലൊന്നും മുസ്ലീം ലീഗ് ഇത്തവണ ഒതുങ്ങുല്ല കോണ്‍ഗ്രസുകാരേ. അവരുടെ വേരോട്ടം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലൊക്കയെയായി ആറേഴു സീറ്റുകള്‍ വിലപേശി വാങ്ങാനോളം വേഗത്തിലാണെന്ന് കോണ്‍ഗ്രസ് അറിയുന്നില്ല. തെക്കോട്ടുള്ള ആ വളര്‍ച്ചയിലാണ് കോട്ടയത്ത് പൂഞ്ഞാറിലും കുഞ്ഞാലിക്കുട്ടി തന്ത്രപരമായ കണക്കുകളോടെ കച്ചകെട്ടിയിരിക്കുന്നത്.
കളി ഇങ്ങനെ വരുമ്പോള്‍ ചങ്ങനാശേരി പെരുന്ന ആസ്ഥാനത്തെ സുകുമാര കടാംക്ഷകൊണ്ട് മുഖ്യനാകാമെന്നു കരുതുന്ന രമേശ് ചെന്നിത്തലേ അതും സംഭവിക്കണമെന്നില്ല. കുഞ്ഞാലിയുടെ കളിയും കരുനീക്കവും പുതുപ്പള്ളി ചാണ്ടിയെ മുന്നില്‍നിറുത്തിയാവും. രമേശനെ കസേരയില്‍ വാഴിക്കം എന്നു ലീഗ് സമ്മതിച്ചാല്‍ തന്നെ പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനം അവകാശം പറഞ്ഞ് വാങ്ങിച്ചെടുക്കും. കാശിന് വകയുള്ള നാലഞ്ചു മന്ത്രിസ്ഥാനം കൊലയേടേ അടര്‍ത്തിയെടുക്കുകയും ചെയ്യു. പുതുപ്പള്ളി കുഞ്ഞൂഞ്ഞാണ് ന്യൂനപക്ഷങ്ങള്‍ക്കു പ്രിയങ്കരനായ മുഖ്യമന്ത്രി എന്ന നമ്പറിറക്കി ചാണ്ടിയെ മുഖ്യനാക്കിയാല്‍ പോലും കുഞ്ഞാലി ഉപമുഖ്യന്‍ എന്ന ഡിമാന്‍ഡില്‍ നിന്ന് മാറില്ല. അടുത്ത ഭരണം കിട്ടിയാല്‍ യുഡിഎഫില്‍ മികച്ച നേട്ടം ഉണ്ടാക്കുന്നത് മുസ്ലിംലീഗായിരിക്കും. കുഞ്ഞാലിക്കുട്ടി ഭാവി ഉപമുഖ്യമന്ത്രി എന്നു പറഞ്ഞുതന്നെ പച്ച ബാനര്‍ അടിച്ച് കോവണി കെട്ടി മലപ്പുറം മലയില്‍ സ്ഥാപിച്ചാലും അതിശയം വേണ്ട.
നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുന്നതിനോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ തവനൂര്‍ അടക്കമുള്ള മണ്ഡലങ്ങളും ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുമെന്നും ലീഗ് കണക്ക് കൂട്ടുന്നു. ഒപ്പം മധ്യകേരളത്തില്‍ ഉ്ള്‍പ്പെടെ ഏതാനും ഇടങ്ങളും. കോണ്‍ഗ്രസേ ഓര്‍ത്തോളൂ പട്ടത്തിന്റെ നൂല്‍ കൈപ്പിടിയില്‍നിന്ന് വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























