കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നു: ഇത്തരം കൊള്ളകള്‍ക്ക് നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. സംസ്ഥനത്തെ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍, പി.സി.ആര് പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ അധികം തുകയാണ് ചില സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുമാണ് പ്രധാനമായും പരാതികള്‍ ഇതിനകം ഉയര്‍ന്ന വന്നിട്ടുള്ളത്. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും പി.സി.ആര്‍ പരിശോധനയ്ക്ക് 2750 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ആന്റിജന് പരിശോധനക്ക് 800 രൂപയ്ക്ക് മുകളിലും പി.സി.ആര്‍ പരിശോധനയ്ക്ക് 4000 രൂപ വരെയുമാണ് ഈടാക്കുന്നത്. ചില ലാബുകള്‍ ആന്റിജന്‍ പരിശോധനയ്ക്ക് 1250 രൂപ വരെയും ഈടാക്കുന്നുണ്ട്. ഇത് ഈ മഹാമാരിക്കാലത്ത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഹാന്റിലിങ് ചാര്‍ജ്, പി.പി.ഇ കിറ്റിന്റെ വില തുടങ്ങി നീതീകരിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ പറഞ്ഞാണ് ഇത്തരം സ്വകാര്യ ലാബുകളും ആശുപത്രികളും ഉയര്‍ന്ന ഫീസ് ഈടാക്കുന്നത്.ഇത്തരം പ്രവൃത്തികള്‌ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നിവേദനം നല്കിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് അറിയിച്ചു.
https://www.facebook.com/Malayalivartha



























