സർവീസിൽനിന്ന് വിട്ടുനിന്ന ഡോക്ടർമാരടക്കം 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു . അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്നവർക്കെതിരെയാണ് നടപടി. പല തവണ ആവശ്യപ്പെട്ടിട്ടും സര്‍വീസില്‍ പ്രവേശിക്കാത്തതിനാലാണ് പിരിച്ചുവിട്ടത്.
കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
385 ഡോക്ടർമാർ പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേർ മാത്രമാണ്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha