കുപ്പാടി സര്‍ക്കാര്‍ ഡിപ്പോയില്‍ തേക്ക് ചില്ലറ വില്‍പന ആരംഭിക്കുന്നു ; ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യം

വയനാട് ജില്ലയിലെ കുപ്പാടി സര്‍ക്കാര്‍ ഡിപ്പോയില്‍ 18-ാം തീയതി തേക്ക് ചില്ലറ വില്‍പന ആരംഭിക്കും. ചെതലയം വനമേഖലയിലെ 1977, 78, 83 തോട്ടങ്ങളില്‍ നിന്നു മുറിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള തേക്ക് മരങ്ങളാണ് വീട് നിര്‍മാണ ആവശ്യത്തിനും മറ്റുമായി വില്‍ക്കുന്നത്.
സര്‍ക്കാരിനു നഷ്ടമില്ലാതെ തേക്ക് മരങ്ങള്‍ പരമാവധി വിറ്റുതീര്‍ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പിന്റെ മരം വില്‍പന വിഭാഗം. നോട്ട് നിരോധനം, പ്രളയങ്ങള്‍ എന്നിവയ്ക്ക് ശേഷം മന്ദഗതിയിലായിരുന്ന മരലേലം ഇപ്പോള്‍ സജീവമായി. ഈ വര്‍ഷം ഇതുവരെ 4.2 കോടിയുടെ തേക്ക് മരങ്ങള്‍ വയനാട്ടില്‍ വില്‍പന നടത്തി. കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ മാസങ്ങളില്‍ 500 മീറ്റര്‍ തേക്ക് വിറ്റു.
ഓരോ മരത്തിനും ഗുണവും കാലപ്പഴക്കവും പരിശോധിച്ച് വിലയിട്ടു. കുപ്പാടി, ബാവലി ഡിപ്പോകളില്‍ കിടന്ന മരത്തിന്റെ നല്ലൊരു ഭാഗവും വിറ്റുതീര്‍ന്നു. വിവിധ ഭാഗങ്ങളില്‍ മുറിക്കുന്ന പുതിയ മരങ്ങള്‍ എത്തിത്തുടങ്ങി. ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട മരങ്ങള്‍ കണ്ടെത്തി വാങ്ങാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കുപ്പാടി ഡിപ്പോയില്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാണ്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തേക്ക് മരം വേണ്ടവര്‍ തിരിച്ചറിയല്‍ രേഖ, പാന്‍കാര്‍ഡ്, വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, 200 രൂപയുടെ മുദ്രപത്രം എന്നിവയുമായി എത്തണം. കച്ചവടമുറപ്പിച്ച് പണമടച്ചാല്‍ അന്നുതന്നെ മരം കൊണ്ടുപോകാം. 8547602856.
ഇടവേളയ്ക്കു ശേഷം കര്‍ണാടക, തമിഴ്‌നാട് വ്യാപാരികളെയും വയനാട്ടിലേക്ക് ആകര്‍ഷിക്കാനായി. ജില്ലയ്ക്കു പുറത്തുള്ളവരും വയനാടന്‍ തേക്കിനായി എത്തുന്നുണ്ടെന്നും റേഞ്ച് ഓഫിസര്‍ എം.എന്‍.നജ്മല്‍ അമീന്‍ പറഞ്ഞു. കയറ്റുമതി സാധ്യതയും ഉപയോഗപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha