ബാർക്കോഴ ഇടപാടിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ; ഫയൽ വിജിലൻസ് ഗവർണർക്ക് കൈമാറി

ഗവർണറുടെ സമ്മതത്തിനായി കാതോർത്ത് സർക്കാർ. പുതിയ ഇരുട്ടടി പ്രതിപക്ഷത്തിന് നൽകാൻ ഒരുങ്ങുകയാണ് ഭരണപക്ഷം. ബാർക്കോഴ ഇടപാടിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നീങ്ങുകയാണ് . ഇതു സംബന്ധിച്ച ഫയൽ വിജിലൻസ് ഗവർണർക്ക് കൈമാറുകയും ചെയ്തു . പ്രതിപക്ഷ നേതാവ് ഉൾപ്പടെയുളളവർ അന്വേഷണ പരിധിയിൽ വരുമെന്നതിനാൽ അന്വേഷണാനുമതി തേടി വിജിലൻസിന്റെ ചുമതലയുളള സെക്രട്ടറി സഞ്ജയ് കൗളാണ് ഫയൽ ഗവർണർക്ക് കൈമാറിയിരിക്കുന്നത്. രമേശ് ചെന്നിത്തല,കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നത്. ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർക്കെതിരെയുളള അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്.
എന്നാൽ ബാർക്കോഴ ആരോപണത്തിൽ നിന്ന് പിന്മാറാൻ ജോസ് കെ മാണി പത്തുകോടി വാഗ്ദാനം ചെയ്‌തുവെന്ന ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്‌തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുളള കേസുകൾ കടുപ്പിക്കാനുളള സർക്കാർ തീരുമാനം.എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ സോളാർ കേസിലും സർക്കാർ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മുൻ മന്ത്രി അനിൽകുമാർ അടക്കമുളളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവിനെതിരെയുളള അന്വേഷണത്തിനും വഴി തുറക്കുന്നത്.
https://www.facebook.com/Malayalivartha