ഇരിട്ടി ആര്‍ടി ഓഫിസില്‍ പരിശോധനക്ക് വിജിലന്‍സ് എത്തിയപ്പോള്‍ ഒരു പഴ്‌സും 4500 രൂപയും ഹോളോഗ്രാമും പറന്നുമുന്നില്‍ വീണു!

ഇന്‍സ്‌പെക്ടര്‍മാരായ എ.വി.ദിനേശിന്റെയും ടി.പി.സുമേഷിന്റെയും നേതൃത്വത്തില്‍ വിജിലന്‍സ് സംഘം ഇരിട്ടി ആര്‍ടി ഓഫിസിലെത്തിയത് ഫയല്‍ നീക്കത്തിനു താമസം നേരിടുന്നുണ്ടെന്നും ഇടനിലക്കാരുടെ സാന്നിധ്യമുണ്ടെന്നും പരാതി ലഭിച്ചാണ്.
വിജിലന്‍സിന്റെ വാഹനം താഴെയെത്തിയപ്പോഴേക്കും നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ വിവരമറിഞ്ഞു. നാലാം നിലയിലെ ഓഫിസിലേക്ക് ഓടിക്കയറിയ വിജിലന്‍സിനു മുന്‍പിലേക്കു പറന്നു വീണു ഒരു പഴ്‌സ്. അതിനുള്ളില്‍ 4500 രൂപയും ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട ഹോളോഗ്രാമും കണ്ടെത്തി.'അവകാശി'യെ കണ്ടെത്താനാകാത്തതിനാല്‍ ആര്‍ക്കുമെതിരെ കേസെടുക്കാനായില്ലെങ്കിലും തൊണ്ടി മുതല്‍ വിജിലന്‍സ് പിടിച്ചെടുത്തു!
പഴ്‌സിനൊപ്പമുണ്ടായിരുന്നത് ആര്‍സി ബുക്കിലും ലൈസന്‍സിലും പതിക്കുന്ന ഹോളോഗ്രാമാണ്. ഇത് ഉദ്യോഗസ്ഥര്‍ മാത്രം കൈവശം വയ്‌ക്കേണ്ടതാണെന്നു വിജിലന്‍സ് പറഞ്ഞു. അന്‍പതിലേറെ ലൈസന്‍സുകള്‍ കക്ഷികള്‍ക്ക് അയയ്ക്കാതെ അലമാരയ്ക്കുള്ളില്‍ കെട്ടിപ്പൂട്ടിവച്ചിരിക്കുന്നതും വിജിലന്‍സ് കണ്ടെത്തി. ആറു മാസം മുന്‍പേ അയച്ചുകൊടുക്കേണ്ട ലൈസന്‍സുകള്‍ ഉള്‍പ്പെടെയാണ് അലമാരയില്‍നിന്നു കണ്ടെടുത്തത്.
https://www.facebook.com/Malayalivartha