'രണ്ടുകുട്ടികൾ മരിച്ചതോ ആ രണ്ടു കുടുംബങ്ങളുടെ ദു:ഖമോ ഒന്നും അവർക്ക് വിഷയമല്ല. മരിച്ചവർ മറ്റേതാണോന്ന് മാത്രം അറിഞ്ഞാ മതി....' കുറിപ്പ് പങ്കുവച്ച് ഡോ.മനോജ് വെള്ളനാട്
കൊല്ലം സ്വദേശികളായ അമൃതയും ആര്യയും പതിനാലാം തീയതി രാത്രി ഏഴരയോടെ വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റില്‍ചാടിയത്. രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരുടെയും മൃതദദേഹം കണ്ടെത്തിയത്. അഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു. പഠനകാലത്തെ മുഴുവന്‍ സമയത്തും ഇവര്‍ ഒന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്. തീവ്ര സൗഹൃദത്തേത്തുടര്‍ന്നുണ്ടായ വേര്‍പിരിയല്‍ ആശങ്കകളാണ് കൊല്ലം സ്വദേശികളായ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ വർത്തകൾക്കുപിന്നാലെ പെണ്കുട്ടികൾക്കെതിരെ കടുത്ത ഭാഷയിൽ കമന്റ് ചെയ്യുകയാണ് സൈബർ ലോകം. ഇതിനെതിരെ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
'മരിക്കുമ്പൊ രണ്ടാളും കൈ കോർത്ത് പിടിച്ചിരുന്നു. ഇത് മറ്റേത് തന്നെ.. ലെസ്ബ്..' രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്ന വാർത്തകൾക്ക് താഴെ വരുന്ന കമൻ്റ്സാണ്.'അപ്പൊ ചുമ്മാതല്ലാ.. ഇതിനൊക്കെ എന്തിൻ്റെ കേടാണോ എന്തോ..' രണ്ടുകുട്ടികൾ മരിച്ചതോ ആ രണ്ടു കുടുംബങ്ങളുടെ ദു:ഖമോ ഒന്നും അവർക്ക് വിഷയമല്ല. മരിച്ചവർ മറ്റേതാണോന്ന് മാത്രം അറിഞ്ഞാ മതി. ഇനി ആണെങ്കിലെന്താ? എങ്കിൽ ആത്മഹത്യ ചെയ്തോട്ടേ എന്നാണോ? അവർ സ്വവർഗാനുരാഗികൾ ആയിരിക്കാം, അല്ലായിരിക്കാം. പക്ഷെ അങ്ങനെ ഉള്ളവർ ധാരാളം നമുക്കിടയിലുണ്ട്. അവരൊക്കെ ആത്മഹത്യ ചെയ്യണമെന്നാണോ ഇവരുടെയൊക്കെ വാദം?
1, രണ്ടു മനുഷ്യർ തമ്മിൽ ലൈംഗിക താൽപ്പര്യങ്ങളില്ലാതെയും അടുത്ത സൗഹൃദങ്ങളുണ്ടാവാം. അതുകൊണ്ട് നമ്മുടെ ചിന്താഗതിയുടെ ഡയറക്ഷൻ വച്ച് മറ്റുള്ളവരെ ജഡ്ജ് ചെയ്യാതിരിക്കുക.
2, സ്വവർഗാനുരാഗം എതിർലിംഗാനുരാഗം പോലെ തന്നെ നോർമ്മലാണ്. അതൊരു രോഗമോ തെറ്റോ അല്ലാ. ഉപദേശിച്ചോ മരുന്ന് കഴിച്ചോ മാറ്റിയെടുക്കാനും പറ്റില്ല.
നമുക്ക് ചെയ്യാനുള്ള ഏകകാര്യം, അവരെ അങ്ങനെ തന്നെ അംഗീകരിക്കുകയാണ്. അവർക്കും നമുക്കും ഒരേ അവകാശങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുകയാണ്. ഈ മരിച്ച കുട്ടികൾ അഥവാ സ്വവർഗാനുരാഗികൾ ആയിരുന്നെങ്കിൽ (I don't know) അവർ മരണം വരിച്ചത്, ഒരുപക്ഷേ ഇതുപോലെ ഹോമോഫോബിക്കായ സമൂഹത്തെ ഭയന്നായിരിക്കാം.
അത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ്, അവർ അവരായി തന്നെ സമൂഹത്തിൽ നമുക്കൊപ്പം ജീവിക്കാനാണ്, അതിനുള്ള സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. പകരം യുവാക്കൾക്കിടയിൽ നിന്നുപോലും മേൽപ്പറഞ്ഞ പോലുള്ള കമൻ്റുകൾ വരുന്നത്, അത്യന്തം ദുഃഖകരമാണ്. സംഭവിക്കാൻ പാടില്ലാത്തതാണ്. ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണ്.
മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha