വ്യവസായിയെ പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒന്നാം പ്രതി അറസ്റ്റില്‍

പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ച വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും വന്‍തുകയുടെ വാച്ചും കവര്‍ന്ന കേസിലെ ഒന്നാം പ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹി(32) പിടിയിലായി. ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2019 ഫെബ്രുവരിയിലാണ് എറണാകുളത്ത് വ്യാപാരിയായ കോഴിക്കോട് സ്വദേശി തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ പെണ്ണുകാണാനെന്നു പറഞ്ഞാണ് മൈസുരുവിലേക്കു കൊണ്ടുപോയത്.
പെണ്‍കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ അവിടെ അജ്ഞാതസ്ഥലത്തെ ഒരു വീട്ടില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞ് വ്യവസായിയെ അകത്തേക്കു കയറ്റിയശേഷം പ്രതികള്‍ മുറി പുറത്തുനിന്നു പൂട്ടി. വൈകാതെ കര്‍ണാടക പോലീസ് എന്നുപറഞ്ഞെത്തിയവര്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകള്‍ എടുത്തശേഷം ലക്ഷം രൂപയും വിലകൂടിയ വാച്ചും കവര്‍ന്നു.
ഒന്നും എഴുതിയിട്ടില്ലാത്ത മുദ്രപത്രങ്ങളില്‍ ഒപ്പിടുവിച്ച ശേഷം നാദാപുരത്തെത്തിച്ച് വീണ്ടും രണ്ടു ലക്ഷം രൂപ കൈക്കലാക്കി. മയക്കുമരുന്നു കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha