വാപൊത്തി സഖാക്കള്‍... സോളാര്‍ നായിക ഉണ്ടാക്കിയ രഹസ്യ മൊഴിക്ക് ശേഷം മറ്റൊരു രഹസ്യമൊഴി കേരളത്തെ ചൂടുപിടിപ്പിക്കും; ബുറേവി ചുഴലിക്കാറ്റ് ഭീതിയിലായ കേരളത്തില്‍ ഒരു ദിവസം മുമ്പേ സ്വപ്ന ചുഴലി വിതറുന്നു; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം; സരിത്തും സ്വപ്നയും ഇന്ന് രഹസ്യമൊഴി നല്‍കും; വമ്പന്‍ സ്രാവുകള്‍ക്ക് വലയൊരുങ്ങും

കേരളം ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ സജ്ജമാണ്. അതിന് മുമ്പ് മറ്റൊരു ചുഴലി കേരളത്തെ പിടികൂടുകയാണ്. സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലും വമ്പന്‍സ്രാവുകള്‍ ഉണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോളാര്‍ നായിക നല്‍കിയ രഹസ്യമൊഴി കേരളത്തിലുണ്ടാക്കിയ അലയൊലി ഇപ്പോഴും മാഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് സ്വപ്നയുടെ രഹസ്യമൊഴി.
രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി 3 നോടാണ് നിര്‍ദേശിച്ചത്. സ്വര്‍ണക്കടത്തു കേസിലും ഡോളര്‍കടത്തു കേസിലുമാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി. ഇന്നലെത്തന്നെ ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്‍കി. ഇന്നു രാവിലെ പതിനൊന്നു മണിയോടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴികള്‍ മുദ്രവച്ച കവറില്‍ അഡി. സി.ജെ.എം കോടതിയില്‍ നല്‍കണം.
സ്വപ്നയെയും സരിത്തിനെയും നവംബര്‍ 27 മുതല്‍ 29 വരെ ചോദ്യംചെയ്തതില്‍ നിന്ന് കസ്റ്റംസിനു ലഭിച്ച നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഇവ പരിശോധിച്ച അഡി. സി.ജെ.എം കോടതി മനഃസാക്ഷിയെ ഞെട്ടിക്കുന്ന വമ്പന്‍മാരുടെ പേരുകള്‍ മൊഴിയിലുണ്ടെന്നും പേരുകള്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. ആരുടെയൊക്കെ പേര് സ്വപ്ന പറയുന്നു എന്നത് വളരെ പ്രധാനമാണ്. അന്വേഷണ സംഘം മനപൂര്‍വം കേസില്‍ കുടുക്കുന്നോ എന്ന പരാതിക്കും അന്ത്യം കണ്ടേക്കും. സ്വര്‍ണക്കടതതുമായി ബന്ധപ്പെട്ട് വിവിഐപികളുടെ നീണ്ട ലിസ്റ്റ് സ്വപ്ന നല്‍കിയാല്‍ അതെല്ലാം ബുറേബിയെക്കാള്‍ വലിയ ചുഴലിയാകും.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. കേസിലെ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള പ്രതികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയാക്കിയത്.
ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും, പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെ തെളിവുകളില്ലെന്നും, ഡോളര്‍ക്കടത്തിലും തനിക്ക് പങ്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലെ എല്ലാ കരാറുകളിലും ശിവശങ്കറിന് കോഴ ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിനു ലഭിച്ച കൈക്കൂലിയാണെന്നും ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ലൈഫ് മിഷന്റെ 36 പദ്ധതികളില്‍ 26ലും രണ്ടു കമ്പനികള്‍ക്കു മാത്രം കരാര്‍ ലഭിച്ചത് ഇതിനു തെളിവാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ശിവശങ്കറും കൂട്ടരും അനധികൃതമായി നേട്ടമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നത്. ലൈഫ്, കെ ഫോണ്‍ പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍നിന്ന് ഇതു വ്യക്തമാണെന്നും വിശദീകരണത്തില്‍ പറയുന്നു.
ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായുള്ള രഹസ്യമൊഴി വലിയ ചലനം സൃഷ്ടിക്കുമെനനാണ് കരുതുന്നത്. എന്തായാലും കണ്ടറിയാം.
"
https://www.facebook.com/Malayalivartha