ഹൈക്കോടതിയിൽ വലിച്ച് കീറി ഇ.ഡി... സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ മേൽനോട്ടമുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്... സ്വപ്നയുടെ ഇടപെടൽ ഉണ്ടായതോടെ ഏറെനാളായി നിശ്ചലമായിരുന്ന പദ്ധതിക്ക് വീണ്ടും അനക്കമുണ്ടായി.. പിന്നാലെ സംഭവിച്ചത്...

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് സംശയിക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കാൻ കരാർ ലഭിച്ച യൂണിടാക് കമ്പനിയിൽനിന്ന് എം.ശിവശങ്കർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇ.ഡി. കേസിൽ ജാമ്യംതേടി ശിവശങ്കർ നൽകിയ ഹർജിയെ എതിർത്ത് ഇ.ഡി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്നാ സുരേഷ് നവംബർ 10-നുനൽകിയ മൊഴിയിൽ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റുപദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന നിഗമനത്തിൽ ഇ.ഡി. എത്തിയത്. കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശിവശങ്കർ, സ്വപ്നയുമായി പങ്കുവെച്ചിരുന്നു. ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റുരണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകൾ തുറക്കുന്ന 2020 ജനുവരിക്കുമുമ്പായിരുന്നു ഇത്. ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളിൽ 26 എണ്ണവും വാട്‌സാപ്പ് സന്ദേശത്തിൽ പരാമർശിക്കുന്ന രണ്ട് കമ്പനികൾക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെൻഡറിനെപ്പോലും സംശയത്തിൽ നിർത്തുന്ന പ്രവൃത്തിയാണിത്.യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടിൽ കൈക്കൂലി നൽകിയിട്ടുണ്ടെങ്കിൽ മറ്റുപദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് അനുമാനിക്കുന്നത് ഇതിനാലാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈദരാബാദിൽ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടർരേഖകളടക്കം വിലയിരുത്തിവരികയാണ്. കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.ശിവശങ്കർ പതിവായി യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ടിരുന്നു. കെ-ഫോണിന്റെയും ലൈഫ് മിഷന്റെയും മറ്റുപദ്ധതികളുടെയും ഭാഗമായി യൂണിടാക് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിടാക്കിൽനിന്നാണെങ്കിൽ കൈക്കൂലി കിട്ടുമെന്നതിനാലായിരുന്നു ഇതെന്നും ഇ.ഡി. വിലയിരുത്തുന്നു. കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിലും സ്വപ്നയ്ക്കുപങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. സെക്രട്ടറി എന്നനിലയിൽ ശിവശങ്കറിന് സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ മേൽനോട്ടമുണ്ടായിരുന്നു. പദ്ധതി ഏറെനാളായി നിശ്ചലമായിരുന്നു. എന്നാൽ, സ്വപ്നയുടെ ഇടപെടൽ ഉണ്ടായതോടെയാണ് പദ്ധതിക്ക് വീണ്ടും അനക്കമുണ്ടായത്. ശിവശങ്കറുമായി അടുത്തുപരിചയമുള്ള ചിലരെക്കുറിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഡൗൺടൗൺ പദ്ധതിയിൽ പങ്കുള്ളവരും അതിൽപെടുമെന്നും ഇ.ഡി.യുടെ വിശദീകരണത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha