പാര്‍ട്ടി ആദ്യം ഞെട്ടി, പിന്നെ അച്ചടക്കത്തിന്റെ വടിയെടുത്തു; മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി മെമ്പര്‍മാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം തേടി; കലിതുള്ളി ജി സുധാകരന്‍; ആലപ്പുഴയില്‍ സി.പി.എം നടത്തിയത് സീറ്റു കച്ചവടം

ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം സംസ്ഥാന-ജില്ല നേതൃത്വത്തെ വെല്ലുവളിച്ച് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പാര്‍ട്ടി കൊടികളുമായി പ്രകടനം നടത്തി. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി തുടങ്ങി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി മെമ്പര്‍മാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചു. ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആവശ്യപ്പെട്ടു. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്.
പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നില്‍. ജയമ്മയും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല. ആര്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാര്‍ട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയത് കൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാര്‍ട്ടി പരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ല്‍ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവര്‍ക്കും കൂടി 17 മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ നഗരസഭയില്‍ ഇരവുകാട് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ സൗമ്യ രാജിനെ ചെയര്‍പേഴ്‌സണായി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് കെ.കെ. ജയമ്മയെ അധ്യക്ഷയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. അധ്യക്ഷ സ്ഥാനം നേതാക്കള്‍ വിറ്റു എന്ന ആരോപണവും ഉയര്‍ത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം നേതാവ് കെ.കെ.ജയമ്മയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും തുടക്കം മുതല്‍ സിപിഎം നേതൃത്വത്തില്‍ ഒരു വിഭാഗം സൗമ്യ രാജിനു വേണ്ടി നിന്നതോടെ നറുക്ക് സൗമ്യയ്ക്കു വീഴുകയായിരുന്നു.
ഇരവുകാട് വാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച സൗമ്യ രാജ് കോണ്‍ഗ്രസിന്റെ ബഷീര്‍ കോയാപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം ആലപ്പുഴ നോര്‍ത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ നിര്‍ദേശമാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. ഇന്ന് രാവിലെ നടക്കുന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെയാണ് പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി രംഗത്തെത്തിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം, കുഞ്ചന്‍ സ്മാരക സമിതി എക്‌സിക്യുട്ടീവ് അംഗം, എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ്, ഇരവുകാട് ടെമ്പിള്‍ ഒഫ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌നേഹദീപം വയോജന ട്രസ്റ്റിന്റെ രക്ഷാധികാരി, തളിര്‍ ജൈവ കര്‍ഷക കൂട്ടായ്മ രക്ഷാധികാരി, ബാലസംഘം കുതിരപ്പന്തി മേഖലാ കണ്‍വീനര്‍, ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, എസ്.ബി.ഐയുടെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ പരാതി പരിഹാര സമിതി എക്സ് ഒഫിഷ്യോ മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇരവുകാട് വാര്‍ഡില്‍ അഞ്ചില്‍ എം.വിനോദിന്റെ ഭാര്യയാണ് സൗമ്യ.
എന്നാല്‍, ജയമ്മ സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അധ്യക്ഷ ആക്കുന്നതിനു പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ആക്കണമെന്നാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha