പപ്പയെ കൊന്നത് പോലീസുകാരന്‍, ലൈറ്റര്‍ തട്ടിയിട്ടത് ശരീരത്തിലേക്ക്; രാജന്റെ മകന്‍ മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തുന്നു; ഗ്രേഡ് എസ്‌ഐക്കും സംഭവത്തില്‍ പൊള്ളലേറ്റിരുന്നു

പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം പെട്രോള്‍ ഒഴിച്ച് കത്തി മരിച്ച രാജന്റെ മരണത്തിന് ഉത്തരവാദി പോലീസുക്കാരനാണെന്ന് മകന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും സംഭവത്തില്‍ പൊള്ളലേറ്റിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസെത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാ ഭീഷണി. പെട്രോള്‍ ഒഴിച്ചു നില്‍ക്കുകയായിരുന്ന രാജന്‍ പോക്കറ്റിന്‍ നിന്നും ലൈറ്റര്‍ എടുത്തപ്പോള്‍ അത് പിടിച്ചു വാങ്ങിയെറിയുന്നതിന് പകരം ഞെക്കി രാജന്റെ ശരീരത്തിലേക്ക് തന്നെ ഇടുകയായിരുന്നുവെന്നാണ് മകന്‍ ആരോപിക്കുന്നത്. ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിയിരുന്ന അച്ഛന് ഭക്ഷണം കഴിക്കാനുള്ള സാവകാശം പോലും നല്‍കാതെ സ്ഥലം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മകന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പോലീസിനും മുന്നില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം മനസിലാക്കമെന്നും മകന്‍ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന്റെ ഭാര്യ അമ്പിളി (40) ചികിത്സയിലാണ്. മക്കളുടെ മുന്നില്‍ വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളി പിടിച്ചത്. പപ്പാ, പപ്പാ എന്നു മക്കള്‍ അലറിക്കരയുന്നതും വിഡിയോയില്‍ കേള്‍ക്കാം തുടര്‍ന്ന് ഒരു വിധത്തില്‍ തീ കെടുത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കയ്യേറിയതായി കാണിച്ച് കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. കയ്യേറിയ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍ കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കുകയായിരുന്നു.
തന്റെ വസ്തുവിലാണ് കുടില്‍ കെട്ടിയതെന്നു രാജന്‍ വാദം ഉന്നയിച്ചതോടെ വസന്ത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനാണ് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസം മുന്‍പ് കമ്മിഷന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദേശമനുസരിച്ച് കയ്യേറ്റം ഒഴിപ്പിക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തിയത്. വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന്‍ വീടിനകത്തു കയറി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha