മാധ്യമങ്ങള്‍ക്കു മുന്നില്‍ നേതാക്കളുടെ വിഴുപ്പലക്കലുകള്‍ പാടില്ല; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമുള്ള സ്ഥലങ്ങളില്‍ ബൂത്ത് തലം മുതല്‍ ജില്ലാതലം വരെ പുനഃസംഘടനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണെന്നും ഈ സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും ഉണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. മാധ്യമങ്ങള്‍ക്കു മുന്നില്‍ നേതാക്കളുടെ വിഴുപ്പലക്കലുകള്‍ പാടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ മാത്രം അഭിപ്രായം പറയണമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം, തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി. വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 0.95 ശതമാനം മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസമെന്നും ഫലം ഇതിനേക്കാള്‍ മെച്ചപ്പെടുത്താമായിരുന്നുവെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha