രക്തം മരവിക്കുന്നതുപോലെ... തങ്ങള്‍ക്ക് കിടപ്പാടമില്ലെങ്കിലും മറ്റുള്ളവരുടെ വിശപ്പ് മാറിയോയെന്ന് അച്ഛന്‍ അന്വേഷിച്ചിരുന്നെന്ന് മക്കള്‍; ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ മരിച്ചതോടെ നാട്ടുകാര്‍ക്ക് ആ കുടുംബത്തെ പറ്റി പറയാനുള്ളത് നല്ലതുമാത്രം

നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവുമായി സ്ഥലമൊഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മാഹൂതി ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതിനിടെ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആ ദമ്പതികള്‍ ഇന്നലെ മരിച്ചതോടെ നാടിന്റെ വേദനയായി അതു മാറി. നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്‍ (47), ഭാര്യ അമ്ബിളി (40) എന്നിവരാണു മരിച്ചത്. കഴിഞ്ഞ 22നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജന്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയും ഭാര്യ അമ്ബിളി ഇന്നലെ വൈകിട്ടുമാണ് മരണത്തിന് കീഴടങ്ങിയത്. രാജന്റെ മരണാനന്തരചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവേയാണ് അമ്ബിളിയുടെയും മരണവാര്‍ത്ത എത്തുന്നത്.
ആത്മഹത്യാഭീഷണി മുഴക്കിയ രാജന്‍ കത്തിച്ചുപിടിച്ച ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീപിടിച്ചതെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളിപ്പിടിച്ചത്. സംഭവത്തില്‍ ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു. പോലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് മക്കള്‍ ആരോപിച്ചു. രാഹുല്‍,രഞ്ജിത്ത് എന്നിവരാണ് മക്കള്‍.
രാജന്‍ ആശാരി പണിക്കാരനായിരുന്നു. തന്റെ മൂന്നുസെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് അയല്‍വാസിയായ വസന്ത നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായത്. വസന്തയ്ക്ക് അനുകൂലമായി ഉത്തരവിട്ട നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഈ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി.
സാമ്പത്തിക ബുദ്ധിമുട്ടികള്‍ക്കിടയിലും പാവങ്ങള്‍ക്ക് അന്നമേകിയിരുന്ന വ്യക്തിയായിരുന്നു നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങളുടെ ദുരിതം മകനായ രഞ്ജിത്ത് തുറന്നു പറയുമ്പോള്‍ എല്ലാവരുടേയും കണ്ണ് നിറയും. ഞങ്ങളിവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്, എന്റെ അച്ഛന് കറണ്ടിന് അപേക്ഷിച്ചു..കിട്ടിയില്ല..വെള്ളത്തിന് അപേക്ഷിച്ചു...കിട്ടിയില്ല...ഒടുവില്‍ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണര്‍ വെട്ടി, വെള്ളം കണ്ടത്.
എന്റെ അച്ഛന്‍ എന്നും രാവിലെ റോഡ് സൈഡില്‍ വയ്യാതെ കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊണ്ടുപോകുമായിരുന്നു. ഈ സംഭവം നടക്കുന്നതിന് തലേദവിസമാണ് ഭക്ഷണം കൊണ്ടുപോകാന്‍ പുതിയ ഫ്‌ളാസ്‌കും, ചായയിടാന്‍ പാത്രവുമായി വരുന്നത്. മരിക്കാന്‍ സമയമായപ്പോള്‍ എന്നോട് പറഞ്ഞു മോനെ, അച്ഛന്‍ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല...അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ കൊടുക്കുന്നത് പോലെ നീയും എല്ലാവര്‍ക്കും കൊടുക്കണം... സങ്കടം കടിച്ചമര്‍ത്തിയാണ് രഞ്ജിത്ത് ഇക്കാര്യം പറയുന്നത്.
പോലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്‌ബോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. പോലീസുകാരന്‍ കൈ തട്ടി അച്ഛനും അമ്മയും തീ പിടിച്ചു. ഞാന്‍ അവരെ പിടിക്കാന്‍ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കില്‍ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളൂ. അവരുടെ ശവസംസ്‌കാരം ഈ കോളനിയില്‍ തന്നെ നടത്തണമെന്ന് നാട്ടുകാര് പറഞ്ഞു. അപ്പോ പോലീസ് പറഞ്ഞു. ഇത് കേസ് നടക്കുന്ന സ്ഥലമാണ് ഇവിടെ നടത്താന്‍ പറ്റില്ലെന്ന്. പിന്നെ ഞാനും, എന്റെ കുഞ്ഞമ്മേടെ മോനും കൂടി വന്ന് ഇവിടുത്തെ പുല്ലെല്ലാം കളഞ്ഞ് എന്റെ അച്ഛന്റെ കുഴി വെട്ടി. മക്കളുടെ ഈ തുറന്ന് പറച്ചില്‍ കണ്ടുനിന്നവരെയെല്ലാം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
" fr
https://www.facebook.com/Malayalivartha