ബിനീഷ് കോടിയേരിക്കു ജാമ്യം ഏറെ അകലെ... എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും വിലങ്ങിട്ടു പൂട്ടിയതോടെ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കത്തിന് സാധ്യത മങ്ങി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും വിലങ്ങിട്ടു പൂട്ടിയതോടെ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കത്തിന് സാധ്യത മങ്ങി.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായി ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും. അറസ്റ്റിലായി 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചെല്ലെങ്കില്‍ ജാമ്യത്തിന് സാധ്യതയുണ്ടായിരിക്കെ ജാമ്യസാധ്യതയ്ക്ക് തടയിട്ടുകൊണ്ടാണ് ഇഡി ബാംഗളൂര്‍ സിറ്റി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതോടെ ഏറ്റവും കുറഞ്ഞത് ആറു മാസത്തേക്ക് ബിനീഷ് കോടിയേരിക്ക് ജാമ്യം നേടി പുറത്തു വരാന്‍ സാധ്യത മങ്ങിയിരിക്കുന്നു. മയക്കുമരുന്നു കേസുകളുടെ വിചാരണ വര്‍ഷങ്ങളോളം ഇഴയുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് സാധ്യത ഏറെ അകലെയാണ്.
ലഹരി മരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ്, കന്നഡ സീരിയല്‍ നടി ഡി അനില, റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍. അനൂപ് മുഹമ്മദ് ബംഗളൂരില്‍ വാടകയ്‌ക്കെടുത്തിരുന്ന കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ ബിനീഷ് കോടിയേരി പതിവായി എത്തിയിരുന്നുവെന്നും ബിനീഷ് പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും മൊഴി നിലനില്‍ക്കെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ ബാംഗളൂരില്‍ മറ്റു ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും ബിനീഷ് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നുവെന്നാണ് ഇഡി പറയുന്നത്.
കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയും മയക്കുമരുന്ന് കച്ചവടത്തിലെ പങ്കാളിയുമായിരുവെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. ഇതിന് തെളിവായി ബിനീഷ് കോടിയേരി, അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇഡി വ്യക്തമായ തെളവായി നിരത്തിക്കഴിഞ്ഞു.
ബിനീഷിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബിനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മില്‍ പൊരുത്തക്കേണ്ടുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
2012 മുതല്‍ ഏഴു വര്‍ഷത്തിനിടെ കണ്ടെത്തിയ 5.17 കോടി രൂപയില്‍ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ഇഡി വ്യക്തമാക്കിയിരിക്കുന്നു. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി ജനുവരി ആറിന് അവസാനിക്കും. ജാമ്യാപേക്ഷ തള്ളിയതിന് ചോദ്യം ചെയ്ത് ബിനീഷ് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് ഇഡി വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെയാണ് ജാമ്യസാധ്യത അനിശ്ചിതത്വത്തിലാകുന്നത്.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസമാണ് ബെംഗളൂരു സെഷന്‍സ് കോടതി തള്ളിയത്. എന്‍ഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. അനൂപ് മുഹമ്മദ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു.
പ്രതികള്‍ക്ക് പുറത്തുനിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും അത് ഉപയോഗിച്ച് വിദേശത്തുനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ബാംഗരൂരിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. തുടര്‍ന്നാണ് ലഹരി മരുന്ന് കേസിലും ബിനീഷ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha