ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ കൊള്ളയടിക്കുന്നു; 100 കോടിയോളം രൂപ കാണാനില്ല; കെ.എസ്.ആര്‍.ടിയുടെ അഴിമതി തുറന്ന് കാട്ടി എം.ഡിയുടെ വാര്‍ത്താ സമ്മേളനം; എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബിജു പ്രഭാകര്‍; ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല, എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടി വരും

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ എം.ഡി. ബിജു പ്രഭാകര്‍. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. പോക്‌സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിലാണ് വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെ നടപടി എടുക്കുമെന്ന് എംഡി പറഞ്ഞത്.
വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും കെഎസ്ആര്‍ടിസി എംഡി ആരോപിച്ചു.
കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. bികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ലെന്നും എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡീസലില്‍ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെഎസ്ആര്‍ടിസി എംഡി ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. കെഎസ്ആര്‍ടിസിക്ക് കീഴില്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിര്‍ദ്ദേശത്തിനെതിരെ യൂണിയനുകള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ചില ജീവനക്കാര്‍ മാത്രമാണ് പ്രശ്‌നക്കാരെന്ന് പറയുമ്പോഴും സ്ഥാപനത്തിനെതിരായ എംഡിയുടെ തുറന്ന് പറച്ചില്‍ വന്‍വിവാദമായി. സിപിഐ-കോണ്‍ഗ്രസ്-ബിജെപി അനുകൂല സംഘനടകള്‍ എംഡിക്കെതിരെ വിമര്‍ശനവുമായെത്തിയതോടെ കെഎസ്ആര്‍ടിസിയില്‍ വീണ്ടും പോര് മുറുകുമെന്നുറപ്പായി.
ബാങ്ക് കണ്‍സോര്‍ഷ്യവുമായി വായ്പയെടുത്തതിനാല്‍ കെഎസ്ആര്‍ടിസിക്ക് കിഫ്ബിയില്‍ നിന്നും നേരിട്ട് പുതിയ വായ്പ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് വായ്പ എടുക്കാന്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കുന്നത്. ആദ്യം സിഎന്‍ജി-എല്‍എന്‍ജി ബസ്സുകള്‍ വാങ്ങുന്നതിന് മാത്രമാണ് സ്വിഫ്റ്റ് എന്ന് പറഞ്ഞെങ്കിലും പിന്നീട് ദീര്‍ഘദൂര ബസ്സുകള്‍ ഈ കമ്പനിക്ക് കീഴിലേക്ക് മാറ്റാന്‍ എംഡി തീരുമാനിച്ചതോടെയാണ് യൂണിയനുകള്‍ ഉടക്കിട്ടത്.
https://www.facebook.com/Malayalivartha