കോണ്‍ഗ്രസിനെ മാറ്റിമറിക്കും.... ഇടത് ചെങ്കോട്ടകളെ തകര്‍ത്ത് വളര്‍ന്ന കെ. സുധാകരന്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക്; കണ്ണൂരിന്റെ രക്തത്തിളപ്പുമായി നില്‍ക്കുന്ന ഇടത് കോട്ടയെ തകര്‍ക്കാന്‍ അതേ രക്തത്തിളപ്പുമായി കണ്ണൂരുകാരന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കും ആവേശം; കെ.പി.സി.സി അദ്ധ്യക്ഷ പദവി സുധാകരന്റെ കൈകളിലെത്തുമ്പോള്‍ പുതിയ കളികള്‍

സിപിഎമ്മിനെ എപ്പോഴും നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. എല്ലാക്കാലത്തും പാര്‍ട്ടിയുടെ അമരക്കാരായി കണ്ണൂരുകാര്‍ ഉണ്ടാകും. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍, എംവി ജയരാജന്‍, പി ജയരാജന്‍, എംവി ഗോവിന്ദന്‍ തുടങ്ങി കണ്ണൂര്‍ പുലികള്‍ ധാരാളമുണ്ട്. ആ രക്തത്തിളപ്പുള്ള മണ്ണില്‍ നിന്നാണ് കെ. സുധാകരനെന്ന കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ഇടതു കോട്ടയെ തകര്‍ത്തെറിയാല്‍ കോണ്‍ഗ്രസിലും കണ്ണൂരുകാരന്‍ എത്തുമ്പോള്‍ ഇത്തവണ തീ പാറും.
കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. തിരുവനന്തപുരത്തെത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി 23ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അടുത്ത ആഴ്ച ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നതായും താത്കാലിക അദ്ധ്യക്ഷസ്ഥാനം തനിക്കു വേണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞദിവസം മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചപ്പോള്‍ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പോയിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നു മത്സരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മന്‍ചാണ്ടി നിയോഗിക്കപ്പെട്ടതുപോലെ സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്. അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് ദേശീയ നേതാക്കളുമായി സംസാരിച്ച കാര്യം സുധാകരന്‍ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തി.
മറ്റു ജില്ലകള്‍ കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ താത്കാലിക ആശ്വാസമായ കണ്ണൂരിലെ വിജയം ഉയര്‍ത്തിപ്പിടിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ സുധാകരവിഭാഗം നേരത്തെ നീക്കം തുടങ്ങിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ വിജയത്തിന്റെ ശില്പിയെന്ന നിലയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ താനുമായി യാതൊരു കൂടിയാലോചനയും സുധാകരന്‍ നടത്തിയില്ലെന്നു മുല്ലപ്പള്ളിയും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.13 ജില്ലാ കമ്മിറ്റികളും കെ.പി.സി.സി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചപ്പോള്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കെ.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. ചിലയിടത്ത് കെ.പി.സി.സി സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തിയെങ്കിലും സുധാകരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവസാനം പിന്മാറേണ്ടി വന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന സമയത്ത് കെ. സുധാകരന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. ഇപ്പോള്‍ ഹൈക്കമാന്‍ഡ് പിന്തുണ സുധാകരനുണ്ടെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന മുറയ്ക്ക് സുധാകരന്‍ കെ.പി.സി സിയുടെ തലപ്പത്ത് എത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയത്തോടെ തുടങ്ങിയ സുധാകരന്റെ പല പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വിവാദമായി.
2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരുകാരെ ശരിക്കും ഞെട്ടിപ്പിച്ചിരുന്നു ഇത്. അതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിക്കാന്‍ സുധാകരനെത്തുന്നത്.
"
https://www.facebook.com/Malayalivartha