ഞമ്മക്കെന്തുമാകാം... എംഎല്‍എ സ്ഥാനം രാജിവച്ച് ദേശീയ മുസ്ലീങ്ങളുടെ ഉന്നമനത്തിന് വേണ്ടി പോയ കുഞ്ഞാലിക്കുട്ടി അവിടെ വേണ്ടത് കിട്ടാത്തത് കൊണ്ട് നിയമസഭാ അക്കരപ്പച്ച കണ്ട് വീണ്ടും രാജിവച്ചു; ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ മത്സരിക്കാന്‍ വേണ്ടി കളഞ്ഞ് കുളിക്കണോ; എപ്പോഴും ജനം ജയിപ്പിക്കുമെന്ന് വിചാരിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് ഇനി കടുപ്പമാകും

വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനങ്ങളെ ഇത്രയും അധിക്ഷേപിക്കണോ എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ചോദിക്കുന്ന ചോദ്യം. അല്ലെങ്കില്‍ എന്തിനായിരുന്നു ജയിച്ച് അധികനാള്‍ കഴിയാതെയുള്ള ഈ രാജി.
കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി വന്നാല്‍ കേന്ദ്ര മന്ത്രിപദം കിട്ടുമെന്ന് കരുതിയാണ് ദേശീയ മുസ്ലീങ്ങളുടെ പേരുപറഞ്ഞ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ അവിടെ രാഹുല്‍ഗാന്ധി ഒന്നുമല്ലാതായതോടെ കേരളത്തില്‍ മന്ത്രിപദം കണ്ട് വീണ്ടും എംപി സ്ഥാനം രാജിവച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായായാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചത്. മുസ്ലിംലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ് , തമിഴ്‌നാട്ടില്‍ നിന്നുള്ള നവാസ് കനി എന്നിവര്‍ക്കൊപ്പം ഇന്നലെ വൈകിട്ട് ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇ. അഹമ്മദ് അന്തരിച്ചതിനെത്തുടര്‍ന്ന് 2017ലാണ് കുഞ്ഞാലിക്കുട്ടി വേങ്ങര എം.എല്‍.എ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 2019ല്‍ എസ്.എഫ്.ഐ നേതാവ് വി.പി. സാനുവിനെ രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വീണ്ടും ലോക്‌സഭയിലെത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കാനും, കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെച്ചൊല്ലി പാര്‍ട്ടിയിലുള്ള ഭിന്നസ്വരങ്ങള്‍ക്ക് വിരാമമിടാനും മുസ്ലിംലീഗ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എം.പി സ്ഥാനത്ത് നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ, പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തണുത്തിട്ടില്ല. രാജിവച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന സന്ദേശം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പ്രചാരണത്തിനെത്തുകയും, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പിലൂടെ വിജയിക്കുകയുമായിരുന്നു കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ പദ്ധതി. എന്നാല്‍, ഇതിന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വഴങ്ങിയില്ല. മലപ്പുറത്തോ വേങ്ങരയിലോ നിന്നാവും കുഞ്ഞാലിക്കുട്ടി മത്സരിക്കുക.
ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകും. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധത്തിലാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ മുസ്ലീം ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ജനങ്ങളെ മണ്ടന്‍മാരാക്കിക്കൊണ്ടുള്ള ഏറെ വിവാദമായ കുഞ്ഞാലിക്കുട്ടിയുടെ വരവ് ആ മണ്ടന്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കാനൊരുങ്ങുകയാണ്. പഴയതുപോലെപരാജയത്തിന്റെ രുചിയറിയാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് നന്നായി വിയര്‍ക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha























