അതെങ്ങനെ ശരിയാകും... 98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ ജയില്‍ മോചിതനായെങ്കിലും ഏത് നിമിഷം വേണമോ അകത്തു പോകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; നടുവേദനയുമായി അകത്തു പോയ ശിവശങ്കര്‍ കുട്ടപ്പനായി തിരിച്ചിറങ്ങിയതോടെ പുതിയ കുരുക്കായി കൊഫെപോസ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍ മോചിതനായെങ്കിലും അത് എത്ര ദിവസേത്തേക്കാണെന്ന ചോദ്യം ബാക്കിയാകുന്നു.
നടുവേദനയായി അകത്തു പോയ ശിവശങ്കര്‍ ഇന്നലെ കുട്ടപ്പനായാണ് പുറത്ത് കടന്നത്. അഭിപ്രായം എടുക്കാന്‍ വന്ന ചാനല്‍ മൈക്ക് തട്ടിത്തെറുപ്പിച്ചാണ് ശിവശങ്കര്‍ കാറില്‍ കയറിയത്. വീട്ടിലെത്തും മുമ്പ് മറ്റൊരു കുരുക്കായി കൊഫെപോസ മാറുമെന്നാണ് കരുതുന്നത്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ 98 ദിവസത്തിനുശേഷം എം. ശിവശങ്കര്‍ ജയില്‍ മോചിതനായത് മറ്റൊരു അറസ്റ്റിന്റെ ഭീതി നിലനില്‍ക്കെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും പിന്നാലെ എന്‍.ഐ.എയും അറസ്റ്റ് ചെയ്‌തേക്കുമോ എന്ന ഭീതിയാണ് പുറത്തിറങ്ങുന്നതുവരെ ശിവശങ്കറിനുണ്ടായിരുന്നത്.
കൂടാതെ, സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളില്‍ പ്രധാനികളെയെല്ലാം കസ്റ്റംസ് കൊഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയ സാഹചര്യത്തില്‍ തന്നെയും കുടുക്കുമോ എന്ന ഭീതി ശിവശങ്കറിനുണ്ട്.
കുറ്റകൃത്യം നടന്ന ആദ്യനാളുകള്‍ മുതല്‍ കസ്റ്റംസിനും ഇ.ഡിക്കും ഒപ്പം എന്‍.ഐ.എയും ശിവശങ്കറിന് പിന്നാലെയുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായി നൂറ് മണിക്കൂറിലേറെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടി പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, തല്‍ക്കാലം അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് അന്ന് കോടതിയില്‍ എന്‍.ഐ.എ നല്‍കിയത്. പിന്നീട് പ്രാരംഭ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും ശിവശങ്കറിനെക്കുറിച്ച് എന്‍.ഐ.എ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ഏതുനിമിഷവും അന്വേഷണം ശിവശങ്കറിനെതിരെ ഉണ്ടായേക്കാമെന്ന സൂചനയാണ് എന്‍.ഐ.എ അധികൃതര്‍ നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റിന് അനുമതി തേടി ഏതുനിമിഷവും എന്‍.ഐ.എ കോടതിയെ സമീപിക്കുമോ എന്ന ഭീതി ശിവശങ്കറിനുണ്ടായിരുന്നു. ഡോളര്‍ കടത്തിയ കേസില്‍ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കുമോ എന്ന ഭയവും നിലനിന്നിരുന്നു. കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നെങ്കില്‍ ജയില്‍മോചനം വീണ്ടും നീളുമായിരുന്നു.
ജയില്‍ മോചിതനായെങ്കിലും കൊഫെപോസ പ്രകാരമുള്ള അറസ്റ്റും എന്‍.ഐ.എയുടെ അറസ്റ്റും ശിവശങ്കറില്‍നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഇതുവരെ നടന്ന പ്രധാന സ്വര്‍ണക്കടത്ത് കേസുകളിലെല്ലാം പ്രധാന പ്രതികളെ കസ്റ്റംസ് കൊഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതിയാണെങ്കിലും കൊഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ കഴിയുമെന്നതും ശിവശങ്കറിന് തലവേദനയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കൊഫെപോസ ഉള്ളതിനാല്‍ ജയില്‍മോചിതരാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് തുടര്‍ നടപടികളില്‍നിന്ന് കസ്റ്റംസ് ഒഴിവാക്കിയാല്‍ ശിവശങ്കറിന് തുടര്‍ തടങ്കല്‍ ഭീതിയില്ല.
അതേസമയം ശിവശങ്കറിനു പിന്തുണയുമായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വി. വേണു രംഗത്തെത്തി. 'ശിവശങ്കര്‍ ജയില്‍ മോചിതനായതില്‍ സന്തോഷം. ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ല. മാധ്യമങ്ങള്‍ വേട്ടയാടി. മാധ്യമങ്ങളുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തതാണ്' എന്നും അദ്ദേഹം പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കേസില്‍ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമായി.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളയാളുടെ പങ്കിനെക്കുറിച്ചും ആരോപണം ഉയര്‍ന്നത്. സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തിനു തുടക്കമിട്ടതു കസ്റ്റംസാണെങ്കിലും എന്‍ഐഎയും ഇഡിയുമെല്ലാം പിന്നാലെയെത്തി ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റും ജയില്‍ മോചനവും.
https://www.facebook.com/Malayalivartha























