മത്സരിക്കാനുള്ള മോഹം എന്താകും... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും ജാമ്യമില്ല; ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ മോഹങ്ങള്‍ കരിയുന്നു; ബിനീഷും ബിനോയിയും കൂടി അച്ഛനെ വരിഞ്ഞ് മുറുക്കുമ്പോള്‍

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി ജനിക്കുമെന്നാണ് വിശ്വാസം. അതുപോലെയാണ് കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ. താനായിട്ട് ഒരു വിവാദത്തിനും പോയില്ലെങ്കിലും മക്കള്‍ കാരണമാണ് സകല പ്രതാപങ്ങളും പോയത്. ബിനീഷിന് ജാമ്യം കിട്ടിയിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെങ്കിലും കഴിഞ്ഞേനെ. ഇപ്പോള്‍ അതും തര്‍ക്കത്തിലാണ്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതിയാണ് വീണ്ടും തള്ളിയത്. ആദ്യ ജാമ്യഹര്‍ജി ഡിസംബര്‍ 14ന് തള്ളിയിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു. ജയിലില്‍ റിമാന്‍ഡിലുള്ള ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെ, കോടതിയില്‍ നേരിട്ടു ഹാജരാക്കും. ഒക്ടോബര്‍ 29ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്, നവംബര്‍ 11 മുതല്‍ റിമാന്‍ഡിലാണ്.
ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ലഹരിമരുന്നുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയല്‍ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികള്‍.
എന്‍സിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ്‌സ് അപ്പാര്‍ട്‌മെന്റില്‍ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നല്‍കിയിരുന്നു.
ബിനീഷിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ഇഡി 201219 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ആരോപിച്ചു.
അതേസമയം മൂത്ത മകന്‍ ബിനോയിയുടെ കേസും തല പൊങ്ങുകയാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ കേസില്‍ വിചാരണ മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ബിനോയ് കോടിയേരി അടുത്തിടെ കോടതിയെ സമീപിച്ചു.
ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിയുടെ ഭാഗം കേള്‍ക്കാനായി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി. കഴിഞ്ഞ മാസം 15ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണു ബിനോയിയുടെ ഹര്‍ജി. ദുബായിലായതിനാല്‍ വിചാരണ മാറ്റണമെന്നാണ് അപേക്ഷ.
ഇതിനെ ശക്തമായി എതിര്‍ക്കുമെന്നു യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. തന്റെ കുട്ടിക്കു നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നു കോടതിയില്‍ ഹാജരായ യുവതി മാധ്യമങ്ങളോടു പറഞ്ഞു. ആദ്യമായാണ് യുവതി കോടതിയിലും മാധ്യമങ്ങള്‍ക്കും മുന്നിലെത്തിയത്. കേസില്‍ ഒത്തുതീര്‍പ്പു നടന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
ഇങ്ങനെ രണ്ട് മക്കളും കൂടി മത്സരിക്കുമ്പോള്‍ ഇല്ലാതാകുന്നത് അച്ഛന്റെ രാഷ്ട്രീയ ഭാവി കൂടിയാണ്. ഈ മക്കള്‍ കാരണമാണ് അച്ഛന് ലീവില്‍ പോകേണ്ടി വന്നത്. ഇനിയും പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എതിര്‍പ്പുകള്‍ മാറി കോടിയേരിക്ക് തിരിച്ചു വരാനാകും.
"
https://www.facebook.com/Malayalivartha