സുരേന്ദ്രന്റെ യോഗമേ... കോണ്‍ഗ്രസുകാര്‍ തോറ്റാല്‍ ബിജെപിയില്‍ ചേക്കറുമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കെ സുധാകരന്‍ കടമെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു; ബി.ജെ.പിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്; മുന്‍ ജഡ്ജിമാര്‍, മുന്‍ ഡി.ജി.പി, മുന്‍ അഡ്മിറല്‍, മെട്രോമാന്‍ അങ്ങനെ പട്ടിക നീളുമ്പോള്‍ കോണ്‍ഗ്രസിന് ചങ്കിടിപ്പ്

രാഹുല്‍ ഗാന്ധി ബിജെപിയെ വളര്‍ത്താനാണോ പ്രസംഗിച്ച് നടക്കുന്നതെന്ന ചോദ്യം ശക്തമാകുകയാണ്. രാഹുല്‍ ഗാന്ധി നാല് വോട്ട് കൂടുതല്‍ കിട്ടാനായി നടത്തിയ പ്രസ്താവന അര്‍ത്ഥം മാറ്റി പറഞ്ഞ് സുധാകരനും കൈയ്യടി നേടി.
കോണ്‍ഗ്രസുകാര്‍ തോറ്റാല്‍ ബിജെപിയില്‍ ചേക്കറുമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കെ സുധാകരന്‍ കടമെടുത്തതോടെ കാര്യങ്ങള്‍ കൈവിടുകയാണ്. ഇതിനെതിരെ സഖാക്കള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. അതേസമയം കെ. സുരേന്ദ്രന്റെ യോഗവും തെളിയുകയാണ്. കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ തീര്‍ന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയില്‍ ചേരാന്‍ പ്രമുഖരുടെ നീണ്ടനിരയാണ് കണ്ടത്. റിട്ടയേര്‍ഡ് ജസ്റ്റീസുമാരായ പി.എന്‍ രവീന്ദ്രന്‍, ചിദംബരേഷ്, മുന്‍ ഡി.ജി.പി വേണുഗോപാലന്‍ നായര്‍, മുന്‍ അഡ്മിറല്‍ ബി.ആര്‍.മേനോന്‍, ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എ. മുരളീധരന്‍, ഡോ. പ്രസന്നകുമാര്‍, സി.പി.ഐ ഉദയംപേരൂര്‍ മഹിള കമ്മിറ്റി ഭാരവാഹി അമ്പിളി എന്നിവര്‍ സമ്മേളനത്തില്‍ വച്ച് ബി.ജെ.പിയില്‍ അംഗത്വം എടുത്തു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. വിജയയാത്രയില്‍ മെട്രോമാനും മുന്‍ ഡിജിപി ജേക്കബ് തോമസും നേരത്തെ അംഗത്വം എടുത്തിരുന്നു.
അതേസമയം ബിജെപി കടുത്ത മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. സംസ്ഥാന ബി.ജെ.പിയിലെ ജനപ്രിയ നേതാവാണെന്ന് ദേശീയ നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേയില്‍ തെളിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ താരമാകാന്‍ സുരേഷ് ഗോപി രംഗത്തെത്തി. അദ്ദേഹത്തെ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ മത്സരിപ്പിക്കാനാണു സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
എന്നാല്‍, സുരേഷ് ഗോപിക്കു താല്‍പ്പര്യമുള്ള മണ്ഡലം തന്നെ നല്‍കണമെന്നു ദേശീയ നേതൃത്വവും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭാ കാലാവധി അവസാനിക്കാത്തതിനാല്‍ മത്സരിക്കാന്‍ താല്‍പ്പര്യക്കുറവുണ്ടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സുരേഷ് ഗോപി മത്സരരംഗത്തുണ്ടാകും. പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്നാണ് പൊതുവികാരം.
തിരുവനന്തപുരത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന ബി.ജെ.പി. ദേശീയ നേതൃത്വത്തിനും ഇതുതന്നെയാണ് താല്‍പ്പര്യം. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ എത്തിയാല്‍ ശക്തമായ ത്രികോണ മത്സരത്തില്‍ മണ്ഡലം പിടിക്കാമെന്നാണ് ആര്‍.എസ്.എസ്. നിഗമനം. ഇക്കാര്യം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ ആര്‍.എസ്.എസ്. നേരത്തേ അറിയിച്ചിരുന്നു. ജനപ്രീതിയില്‍ സുരേഷ് ഗോപിക്കു പിന്നില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. അതുകൊണ്ടു തന്നെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിച്ച് നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ട്.
ഇ. ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കാനാണു സാധ്യത ഏറെ. മെട്രോ റെയില്‍, പാലാരിവട്ടം പാലം എന്നിവയിലൂടെ ഏറണാകുളത്തെ ജനമനസുകളില്‍ ശ്രീധരന് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് സ്വകാര്യ ഏജന്‍സികളുടെ സര്‍വേയില്‍ വ്യക്തമായത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എവിടെയെങ്കിലും മത്സരിക്കാനാണ് അദ്ദേഹത്തിന് താല്‍പ്പര്യമെങ്കിലും പാര്‍ട്ടി നിര്‍ദേശം അനുസരിക്കും. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെയാകും സ്ഥാനാര്‍ഥി. ടി.പി. സെന്‍കുമാറിനെ കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിനെ തൃശൂരിലുമാണ് പരിഗണിക്കുന്നത്. ജേക്കബ് തോമസിന് ഇടുക്കിയിലും സാധ്യതയുണ്ട്.
എ.എന്‍. രാധാകൃഷ്ണനെ മണലൂരിലും പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും എം.ടി. രമേശിനെ കോഴിക്കോട് നോര്‍ത്തിലുമാണ് പരിഗണിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കഴക്കൂട്ടത്തു മത്സരിപ്പിച്ചാല്‍ വിജയിപ്പിക്കാനാകുമെന്നു സംസ്ഥാന നേതൃത്വവും ആര്‍.എസ്.എസും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍. ഈ ജില്ലകളില്‍ 40 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. അഞ്ചു സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























